അറബ് രാജ്യങ്ങളിൽ അത്തര്‍ സുഗന്ധം പടർത്തി അസീസ് മടങ്ങുന്നു
text_fieldsഫുജൈറ: ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പെര്‍ഫ്യൂം നിർമാണ കമ്പനിയായ 'ജുനൈദി'ല്‍ നിന്നും മലപ്പുറം മാറഞ്ചേരിയിലെ മാക്കാട്ടി പറമ്പില്‍ അബ്ദുല്‍ അസീസ് കൊയമ്പ്രത്തേല് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്.
ജി.സി.സി രാജ്യങ്ങളില്‍ 150 ഓളം ശാഖകളുള്ള ജുനൈദ് കമ്പനിയുടെ 15 ശാഖകളില്‍ 23 വർഷം ജോലി ചെയ്തതടക്കം 39 വർഷത്തെ പ്രവാസം നയിച്ച ചാരിഥാർഥ്യവുമായാണ് ഈ 56 കാരന് ഖോര്ഫക്കാന് ജുനൈദ് ഷോറൂമിെൻറ പടികടന്ന് വിടവാങ്ങുന്നത്.
1998 ഏപ്രില്‍ 18 നാണ് ജുനൈദില്‍ ജോലിക്കെത്തുന്നത്. ദുബൈ ഹമറൈന്‍ സെൻററിലെ ബ്രാഞ്ചിൽ സെയിൽസ്മാനായാണ് തുടക്കം. പിന്നീട് അബൂദബി, അല്‍ഐന്‍, റാസല്‍ ഖൈമ, ഫുജൈറ, ദുബൈ, ഷാര്‍ജ, ഖോര്ഫക്കാന് എന്നിവിടങ്ങളിലെ 15 ഷോപ്പുകളിലും അസീസ് ജോലി ചെയ്തു. അവസാനമായി ഷോപ് ഇന്‍ചാര്‍ജ്ജായി സ്ഥാനക്കയറ്റം ലഭിച്ചാണ് ഖോര്ഫക്കാൻ ഷോറൂമിൽ എത്തുന്നത്. പൂർവികര്‍ കരക്കണഞ്ഞ ദ്വീപില്‍ നിന്നു തന്നെ മടങ്ങാനായതില്‍ അസീസ്ക്ക സന്തോഷത്തിലാണ്. കന്നി പാസ്പോര്‍ട്ടുമായി ബഹ്റൈനിലായിരുന്നു പ്രവാസത്തുടക്കം. ജീവിതം എന്താണെന്ന് അറിഞ്ഞുവരുന്ന സമയത്ത് ഇദ്ദേഹത്തെ പ്രാരാബ്ധങ്ങള്‍ തന്നെയാണ് കടലിനിക്കരെ എത്തിച്ചത്.
പ്രവാസത്തിെൻറ ആദ്യകാലത്ത് ഒരു ചിപ്സ് കമ്പനിയിലായിരുന്നു ജോലി. 80 ദീനാറായിരുന്നു അന്നത്തെ ആദ്യ ശമ്പളം. ചിപ്സ് കടയിൽ രണ്ടു വര്‍ഷം തൊഴിലെടുത്തു. പിന്നീട് പതിമൂന്നര വര്‍ഷം മനാമയിലെ ബറാക്ക സ്പോര്‍ട്സില്‍ സെയിൽസ്മാനായി. ശേഷമാണ് ജുനൈദിൽ ചേരുന്നത്. ജോലി ഇല്ലാതെ ഒരിക്കല്‍ പോലും വെറുതെയിരുന്നിട്ടില്ല. സൗദിഅറേബ്യ, ബഹ്റൈന്‍, കുവൈത്ത് രാജ്യങ്ങളും ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. 39 വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തില്‍ ജീവിത പങ്കാളിയെ ഒരിക്കല്‍ മാത്രമാണ് വിസിറ്റ് വിസയെടുത്ത് കൊണ്ടു വന്നത്. സഹധർമിണി യു.എ.ഇയില്‍ എത്തിയത് കോവിഡ് കാലത്തായതിനാൽ ഗള്‍ഫ് കാണിക്കാനുള്ള അസീസിെൻറ ആഗ്രഹം പൂവണിഞ്ഞില്ല. എല്ലാകാലത്തും ജോലി നൽകിയ ഗൾഫ് രാജ്യങ്ങളോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്ന് അദ്ദേഹം പറയുന്നു. സുലൈഖയാണ് ഭാര്യ. അസീല, സഹീല, ഫാത്തിമ നസ്റിന് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.