അബൂദബിലെ കുളിരേകും കൃഷിത്തോട്ടം
text_fieldsപ്രവാസികളുടെ, പ്രത്യേകിച്ച് മലയാളികളുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളിലേക്ക് അതിവേഗം ഓടിയെത്തുക നാടിന്റെ ഹരിതാഭയും പച്ചപ്പുമാവും. വൃക്ഷലതാദികള്‍ തണല്‍ വിരിച്ച നാട്ടുവഴികളും - നെല്‍പ്പാടങ്ങളും വൈവിധ്യങ്ങളായ കൃഷിത്തോട്ടങ്ങളും അതിരിടുന്ന വരമ്പുകളുമെല്ലാം കാലമെത്ര കഴിഞ്ഞാലും നമ്മെ മാടി വിളിച്ചുകൊണ്ടേയിരിക്കും. അങ്ങനെയെങ്കില്‍, നാട്ടിലെ കുളിരുള്ള കാലാവസ്ഥയും പഴങ്ങളും കായ്കളും നിറയെ വിളയുന്ന തോട്ടങ്ങളും ചെടികളുമൊക്കെ ചുറ്റി നടന്നുകാണാനും ആസ്വദിക്കാനും ഈ മരുഭൂമിയില്‍ ഇത്തിരി ഇടമുണ്ടെങ്കിലോ..?
ഉണ്ട്, ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പില്‍ പച്ചപ്പിന്റെ ചില്ലവിരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഫലങ്ങളും ചെടികളും കൃഷി ചെയ്തു പരിപാലിച്ചുകൊണ്ട് ഇമാറാത്തി ഭരണകൂടവും അറബ് ജനതയും രചിച്ച നിശ്ചയദാര്‍ഡ്യത്തിന്റെ മഹനീയ ഗേഹമാണത്.
അബൂദബി സമ്ഹയിലെ ഗ്രീന്‍ ഹൗസ്
‘പ്രവാസത്തിരക്കിനിടെ ഇത്തിരി റിലാക്സ് ആവാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കണ്ണുംപൂട്ടി കയറിച്ചെല്ലാന്‍ പറ്റുന്ന സ്വന്തം കൃഷിയിടം’- ഒറ്റവാക്കില്‍ ഈ ഹരിതഗൃഹത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. അബൂദബി-ദുബൈ ശൈഖ് സായിദ് റോഡില്‍ സമ്ഹ എന്ന സ്ഥലത്തെ എക്സിറ്റ് എടുത്താല്‍ ഇവിടെ എത്തിച്ചേരാം. അബൂദബിയില്‍ നിന്നും ദുബൈയില്‍ നിന്നും ഒരു മണിക്കൂറോളം യാത്ര ചെയ്താല്‍ മതിയാവും. നാരങ്ങ, പൈനാപ്പിള്‍, വാഴപ്പഴം തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇനം സസ്യങ്ങളെ മനോഹരമായി പരിപാലിക്കുന്ന വിശാലമായ പളുങ്ക് ഭവനമാണിത്.
നിരവധി സസ്യജാലങ്ങള്‍, പച്ചക്കറികള്‍, ചെടികള്‍, മരങ്ങള്‍, അങ്ങനെ പ്രകൃതി കനിഞ്ഞു നല്കിയ പച്ചപ്പിന്റെ മായിക ലോകം തന്നെ ഇവിടെ തീര്‍ത്തിരിക്കുന്നു. ഓരോ സസ്യങ്ങളെയും ഫലവൃക്ഷങ്ങളെയും കുറിച്ച് അറിയാന്‍ അതാതിടങ്ങളില്‍ ക്യു.ആര് കോഡ് സംവിധാനമുണ്ട് എന്നത് വിജ്ഞാന കുതുകികള്‍ക്കും കുട്ടികള്‍ക്കും ഏറെ ഗുണം ചെയ്യുന്നു. അക്വാപോണിക്സ് കൃഷി പരീക്ഷണവും ഇവിടുത്തെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ്. കമാനാകൃതിയിലുള്ള കൂറ്റന്‍ മേല്‍ക്കൂരയും മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങളും കുളങ്ങളുമെല്ലാം ഏറെ ആകര്‍ഷകമാണ്. ഏതൊരു കൃഷി പ്രേമികള്‍ക്കും പ്രകൃതിയെ അടുത്തറിഞ്ഞ് അല്‍പ്പം റിലാക്സാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മനസ് നിറക്കുന്ന വിരുന്ന് തന്നെയാണ് ഇവിടെ ഒരുക്കി വച്ചിരിക്കുന്നത്.
വൈവിധ്യങ്ങൾ മൂന്നു സോണുകളിൽ
ഹരിതഗൃഹത്തില്‍ മൂന്ന് സോണുകളായിട്ടാണ് സസ്യങ്ങളെ വിന്യസിച്ചിരിക്കുന്നത്.
- സോണ്‍ ഒന്ന് - ട്രോപ്പിക്കല്‍ പ്ലാന്റസ് (ഉഷ്ണമേഖലാ സസ്യങ്ങള്‍). സോണ്‍ രണ്ട് - മെഡിറ്ററേനിയന്‍ പ്ലാന്റ്സ് (ചൂടും തണുപ്പും സമ്മിശ്രമായ കാലാവസ്ഥയിലെ സസ്യങ്ങള്‍). സോണ്‍ മൂന്ന് - ഡിസിജൂസ് പ്ലാന്റ്സ് (ഇലപൊഴിയും സസ്യങ്ങള്‍).
- സോണ്‍ ഒന്ന് - ട്രോപ്പിക്കല്‍ പ്ലാന്റ്സില്‍ പേര, മള്‍ബറി, മാങ്ങ, ചെറി, പപ്പായ, വാഴപ്പഴം, ചക്ക, മാങ്കോസ്റ്റീന്‍, ആപ്പിള്‍, കറുവപ്പട്ട, കശുവണ്ടി, പാഷന് ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷങ്ങളും സസ്യങ്ങളുമാണ് കൃഷി ചെയ്തിരിക്കുന്നത്.
- സോണ്‍ രണ്ട് - മെഡിറ്ററേനിയന്‍ പ്ലാന്റ്സില്‍ അവകാഡോ, ഓറഞ്ച്, മാതളം, നാരങ്ങ, ബ്ലൂബെറി, റാസ്ബെറി, മുന്തിരി, ഒലീവ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈവിദ്യമാര്‍ന്ന ചെടികള്‍ കഴിക്കാന്‍ പാകമായ ഫലങ്ങളോടെ നില്‍ക്കുന്നത് നമ്മെ കൊതിപ്പിക്കും.
- സോണ്‍ മൂന്ന് - ഡിസിജൂസ് പ്ലാന്റ്സില്‍ കിവി, ആപ്രിക്കോട്ട്, പ്ലംസ്, അമൃത്, ബദാം, ആപ്പിള്‍ തുടങ്ങിയവും പരിപാലിച്ചു വരുന്നു. ഹരിതഗൃഹത്തില്‍ അക്വാപോണിക് സംവിധാനങ്ങളും അക്വാകള്‍ച്ചറിനെ പഠിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന വിവരങ്ങളും ഉള്‍പ്പെടുന്നു. അക്വാകള്‍ച്ചറും ഹൈഡ്രോപോണിക്സും സമന്വയിപ്പിക്കുന്ന നൂതനമായ ഭക്ഷ്യ ഉൽപാദന സാങ്കേതികതയാണ് അക്വാപോണിക്സ്. അബൂദബി മുനിസിപ്പാലിറ്റിയുടെ കീഴില്‍ മാനേജ്മെന്റ്, കാവല്ക്കാല്, തോട്ടം തൊഴിലാളികള്‍ അടങ്ങുന്ന 30ല്‍ അധികം പേരാണ് അതീവ കരുതലോടെ ഗ്രീന്‍ ഹൗസിനെ പരിപാലിച്ചു പോരുന്നത്. എല്ലാ ദിവസവും രാവിലെ ഏഴുമണി മുതല്‍ രാത്രി 11മണി വരെ തികച്ചും സൗജന്യമായി ഇവിടം സന്ദര്‍ശിക്കാം. ഒപ്പം ഇവിടെ സജ്ജീകരിച്ചിരിക്കുന്ന കോഫി ഔട്ട്ലെറ്റില് നിന്നും തുര്‍ക്കിഷ് ഭക്ഷണ ശാലയില്‍ നിന്നും മിതമായ നിരക്കില്‍ ഭക്ഷണവും കഴിക്കാം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് കൂടുതല്‍ തിരക്ക്. ശരാശരി എല്ലാ ദിവസവും നൂറുമുതല്‍ 300 വരെ സന്ദര്‍ശകരാണ് ഈ കൃഷിത്തോട്ടങ്ങളില്‍ എത്തി അറിവ് നുകര്‍ന്നും മനസ്സ് നിറഞ്ഞും മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.