എണ്ണ ഇതര മേഖലയിൽ യു.എ.ഇയുടെ കുതിപ്പ്
text_fieldsദുബൈ: എണ്ണ ഇതര മേഖലയിൽ വീണ്ടും യു.എ.ഇയുടെ കുതിപ്പ്. ഈ മേഖലയിലെ ബിസിനസ് ഈ വർഷത്തെ ഏറ്റവും മികച്ച നിലയിലെത്തി. അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില കുതിച്ചുയർന്നിട്ടും യു.എ.ഇയെ കാര്യമായി ബാധിക്കാത്തതിന് കാരണം മറ്റ് മേഖലകളിലെ ബിസിനസ് വളർച്ചയാണ്. എസ്.ആൻഡ് പി ഗ്ലോബൽ യു.എ.ഇ പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ് അനുസരിച്ച് ഒരു പോയന്റോളം ഉയർച്ച രേഖപ്പെടുത്തി. ഏപ്രിലിൽ 54.6 ആയിരുന്നെങ്കിൽ കഴിഞ്ഞമാസം ഇത് 55.6 ആയി ഉയർന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എണ്ണ ഇതര മേഖലയിലുണ്ടായ ഏറ്റവും ഉയർന്ന വളർച്ചയാണിത്. കോവിഡ് എത്തിയ ശേഷം യു.എ.ഇയുടെ തിരിച്ചു വരവ് അടയാളപ്പെടുത്തുന്നതണ് ഈ കണക്കുകൾ. മുൻകാലങ്ങളിൽ ഇന്ധന വില വർധനവ് ഗൾഫ് രാജ്യങ്ങളെ ഗുരുതരമായി ബാധിച്ചിരുന്നു. എന്നാൽ, വില ഇരട്ടിയായി വർധിച്ചിട്ടും യു.എ.ഇയെ ഇക്കുറി കാര്യമായി ബാധിച്ചിട്ടില്ല. ജി.ഡി.പി ഈ വർഷം 5.7 ശതമാനം വർധിക്കുമെന്നാണ് കണക്കാക്കുന്നത്. 2021ൽ ഇത് 3.8 ശതമാനമാണ്. ടൂറിസം മേഖലയിലെ ഒഴുക്ക് എണ്ണയിതര മേഖലക്ക് സഹായകമായി.
കഴിഞ്ഞമാസം ഇന്ത്യയുമായി സമഗ്ര സാമ്പത്തിക കരാർ ഒപ്പുവെച്ചിരുന്നു. ഇതുവഴി എണ്ണ ഇതര വ്യാപാരത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാട് അടുത്ത അഞ്ചുവർഷം കൊണ്ട് 100 ശതകോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ 60 ശതകോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. സമാനമായ കരാർ ഇസ്രായേലുമായും ഈ ആഴ്ച ഒപ്പുവെച്ചു. ദക്ഷിണ കൊറിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായും കരാർ ചർച്ച ചെയ്യുന്നുണ്ട്. എണ്ണ ഇതര ഇടപാടിൽ ഏറ്റവും കൂടുതൽ നടക്കുന്നത് സൗദിയുമായാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട്.
പത്തുവർഷത്തിനിടെ 4.4 ട്രില്യൺ ഡോളറിന്റെ എണ്ണ ഇതര വ്യാപാരമാണ് യു.എ.ഇയിൽ നടന്നത്. 2012 മുതൽ 2021 വരെ യു.എ.ഇയിലെ എണ്ണ ഇതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 12 ശതമാനം വളർച്ചയുണ്ടായി. ഈ കാലത്തിനിടെ 2.1 ട്രില്യൺ ദിർഹമിന്റെ കയറ്റുമതി നടന്നു. ഇറക്കുമതി 2.5 ശതമാനമാണ് വർധിച്ചത്. 9.5 ട്രില്യൺ ദിർഹമിന്റെ ഇറക്കുമതി നടന്നു. ആകെ വിദേശ വ്യാപാരത്തിൽ എണ്ണ ഇതര വ്യാപാരം 19 ശതമാനമായി ഉയർന്നു. 2012ൽ ഇത് 12 ശതമാനമായിരുന്നു. കോവിഡിന് ശേഷം എണ്ണയിതര വരുമാനം കുതിച്ചുയർന്ന മാസമായിരുന്നു 2021. 2019നെ അപേക്ഷിച്ച് 11 ശതമാനമാണ് കഴിഞ്ഞ വർഷം വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.