പ്രസിഡന്റിനൊപ്പം നോമ്പുതുറ; അമ്പരപ്പ് മാറാതെ മലയാളികൾ
text_fieldsഅബൂദബി: നോമ്പ് തുറക്കാൻ നേരമാവുന്നു. ഇഫ്താർ ഒരുക്കങ്ങൾ പൂർത്തിയായി. ശൈഖ് സായിദ് മോസ്ക്കിലെ വിശാലമായ മൈതാനിയിൽ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ഖബറിടത്തിന് മുന്നിലായുള്ള കുറച്ചു സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. ബാങ്ക് വിളിക്കാൻ അൽപനേരം കൂടി. അതാ കൊച്ചു കുരുന്നിന്റെ കരംപിടിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ കണ്മുന്നിൽ. സ്വപ്നമാണോ യാഥാർഥ്യമാണോയെന്ന് തിരിച്ചറിയാത്ത കുറച്ചുനേരം.
സുഖമാണോ? എന്ന ചോദ്യമാണ് ഉണർത്തിയത്. കാസർകോട് സ്വദേശി ഷുക്കൂർ ഒളവറയുടെ ആശ്ചര്യം ഇനിയും വിട്ടുമാറിയിട്ടില്ല.
ഷുക്കൂറിനൊപ്പം തൃക്കരിപ്പൂർ സ്വദേശികളായ മുസ്തഫ, മൊട്ടമ്മൽ ഉസ്മാൻ, ഫാസിൽ, ഇർഫാൻ, സിനാൻ, ഷഫീഖ്, വസീം തുടങ്ങിയവർ ഇരുന്ന അതേ നിരയിലേക്കാണ് ശൈഖ് മൻസൂർ ബിൻ സായിദ്, മകൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് എന്നിവർക്കൊപ്പം ശൈഖ് മുഹമ്മദ് എത്തിയത്. പിതാവ് ശൈഖ് സായിദിന്റെ ഖബറിടം സന്ദർശിച്ച ശേഷമാണ് ഇഫ്താറിനായി അദ്ദേഹവും എത്തിയത്. എല്ലാർക്കും വിരിച്ച അതേ ഇടത്തിൽ എല്ലാവർക്കുമായി ഒരുക്കിയ ഭക്ഷണം കഴിച്ച് രാജ്യത്തിന്റെ നേതാവ് മടങ്ങി.
തങ്ങൾക്ക് ലഭിച്ച അസുലഭ അവസരം വിഡിയോയിലും ഫോട്ടോകളായും പകർത്തിയതോടെ സംഭവം വൻ ഹിറ്റുമായി. ഒരു രാജ്യത്തിന്റെ ഭരണാധികാരി എങ്ങനെയാണ് ജനങ്ങളെ പരിഗണിക്കുന്നതെന്ന് കണ്ടുപഠിക്കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.