പിതാവിെൻറ കാമുകി പീഡിപ്പിക്കുന്നു : പൊലീസിൽ അഭയംതേടി രണ്ടു മലയാളി വിദ്യാർഥികൾ
text_fieldsഷാർജ: പിതാവിെൻറ കാമുകിയുടെ പീഡനത്തിൽനിന്ന് രക്ഷതേടി രണ്ടു മലയാളി വിദ്യാർഥികൾ. വൻതുക വിസ പിഴയുള്ളതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത ഇവർ പൊലീസിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. മാഹി സ്വദേശികളായ 17, 12 വയസ്സുള്ള വിദ്യാർഥികളാണ് പൊലീസിനെ സമീപിച്ചത്. ഷാർജ പൊലീസിെൻറ നിർദേശപ്രകാരം സാമൂഹികപ്രവർത്തകരുടെ സംരക്ഷണയിലാണ് വിദ്യാർഥികളിപ്പോൾ.
നാലുവർഷമായി വിസയില്ലാതെ കഴിയുന്ന ഇവർക്ക് നാട്ടിലേക്ക് പോകാൻ 60,000 ദിർഹം പിഴയടക്കണം. വർഷങ്ങളായി ഇവരുടെ പഠനവും മുടങ്ങി. ഷാർജയിലാണ് ജനിച്ചുവളർന്നത്. മാഹി സ്വദേശിയായ പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇയാളുമായി പിണങ്ങിക്കഴിയുന്ന പത്തനംതിട്ട സ്വദേശിയായ മാതാവ് നാട്ടിലാണ്. ഉമ്മയുടെ സഹോദരി ഉപ്പയുടെ കാമുകിയായി എത്തിയതാണ് തങ്ങളുടെ ജീവിതം തകിടംമറിച്ചതെന്ന് ഇവർ പറയുന്നു.
ഒരാളുടെ പഠനം എട്ടാംക്ലാസിലും രണ്ടാമത്തെയാളുടേത് അഞ്ചാംക്ലാസിലും നിലച്ചു. വിസയില്ലാത്തതിനുപുറമെ പാസ്പോർട്ടും കാലാവധി തീരാനായി. എ.സി പോലും ഇല്ലാത്ത മുറിയിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. രോഗങ്ങൾ അലട്ടുന്ന കുട്ടികൾക്ക് ചികിത്സ കിട്ടാറില്ല. ദുരിതങ്ങൾക്ക് പുറമെ പീഡനം കൂടി സഹിക്കാതായതോടെയാണ് ഇവർ പൊലീസിനെ സമീപിച്ചത്.
ഇവരുടെ പാസ്പോർട്ടും മറ്റു രേഖകളും ഹാജരാക്കാൻ പൊലീസ് പിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.പിതാവിനൊപ്പം പോകാൻ കുട്ടികൾ വിസമ്മതിച്ചതിനാൽ പൊലീസ് ഷാർജ ഇന്ത്യൻ അസോസിയേഷെൻറയും ചൈൽഡ് പ്രൊട്ടക്ഷൻ ടീമിെൻറയും പ്രവർത്തകരെയാണ് കുട്ടികളെ ഏൽപിച്ചിരിക്കുന്നത്.
കുട്ടികളുടെ പഠനം മർക്കസ് ഏറ്റെടുക്കും
ഷാർജ: ഷാർജയിൽ പൊലീസിൽ അഭയം തേടിയ മലയാളി വിദ്യാർഥികളുടെ പഠനം കോഴിക്കോട് മർക്കസ് ഏറ്റെടുക്കും.മർക്കസിന് കീഴിൽ ആലപ്പുഴയിലുള്ള സ്ഥാപനത്തിൽ പഠനത്തിന് സൗകര്യം ഒരുക്കുമെന്ന് ദുബൈ മർക്കസ് സഹറത്തുൽ ഖുർആൻ ഡയറക്ടർ യഹ്യ അബ്ദുൽഖാദർ അറിയിച്ചു. പാസ്പോർട്ട് വീണ്ടെടുക്കാനും പിഴ ഒഴിവാക്കാനുമുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം പ്രതിനിധികളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.