ഇന്ത്യക്കാരുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായി യു.എ.ഇ
text_fieldsദുബൈ: ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം യു.എ.ഇയാണെന്ന് കണക്കുകൾ. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പാർലമെൻറിൽ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇൗ വർഷത്തിന്റെ ആദ്യ പാദം ടൂറിസ്റ്റ് വിസയിൽ മാത്രം എത്തിയത് 3,14,495 ഇന്ത്യക്കാരാണെന്ന് കണക്കിൽ പറയുന്നു. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ടൂറിസ്റ്റ് വിസയിൽ പോയതും യു.എ.ഇയിലേക്കാണ്. 2020 മാർച്ചിൽ കോവിഡിനെ തുടർന്ന് ഇന്ത്യ യാത്രവിലക്ക് ഏർപെടുത്തുന്നതിന് മുൻപുള്ള കണക്കുമായി താരതമ്യം ചെയ്യുേമ്പാൾ 50 ശതമാനത്തിലേറെ വർധനവാണ് ഇക്കുറി.
എം.പിമാരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ഇൗ വർഷത്തെ ആദ്യ പാദത്തിലെ കണക്കും കഴിഞ്ഞ വർഷം വിമാനസർവീസ് നിർത്തിയ സമയത്തെ കണക്കും മാത്രമാണ് എം.പിമാർ ചോദിച്ചത്. ഇതിനിടയിലുള്ള കാലത്ത് കോവിഡ് ആയതിനാൽ കണക്കെടുപ്പിന് കാര്യമായ പ്രസക്തി ഇല്ലാത്തതിനാലാണ് നിശ്ചിത മാസങ്ങളിലെ കണക്കുകൾ മാത്രം ഉന്നയിച്ചത്. എന്നാൽ, എയർബബ്ൾ കരാറിന് ശേഷവും ഏറ്റവും കൂടുതൽ യാത്രക്കാർ ദുബൈയിലെത്തിയത് ഇന്ത്യയിൽ നിന്നാണ്.
ആഗോളതലത്തിൽ ഇന്ത്യൻ യാത്രികരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും യു.എ.ഇയിലേക്ക് അത്ര വലിയ കുറവ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 5.36 ലക്ഷം ഇന്ത്യക്കാരാണ് വിദേശത്തേക്ക് പോയത്. ഈ വർഷം ഇതേ കാലയളവിൽ ഇത് 3.93 ലക്ഷം ആയി കുറഞ്ഞു. എന്നാൽ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുേമ്പാൾ ഇത് വലിയൊരു കുറവല്ല. യു.എ.ഇ കഴിഞ്ഞാൽ തായ്ലൻഡിലേക്കും ബംഗ്ലാദേശിലേക്കുമായിരുന്നു കൂടുതൽ ഇന്ത്യക്കാർ പോയത്. എന്നാൽ, കോവിഡിന് ശേഷം ഇവിടേക്കുള്ള യാത്രക്കാർ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.