സിംഹങ്ങൾക്ക് തീറ്റ നൽകണോ: അൽ െഎൻ മൃഗശാലയിലെ ആഫ്രിക്കൻ സഫാരിയിലേക്ക് സ്വാഗതം
text_fieldsഅൽഐൻ: വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടും കാട്ടിലൂടെയുള്ള സഫാരിക്കൊപ്പം കാട്ടിലെ രാജാവായ സിംഹത്തിന് ഭക്ഷണം നൽകുന്ന സാഹസികത സങ്കൽപിച്ചു നോക്കൂ. അൽഐൻ മൃഗശാലയിലെ ആഫ്രിക്കൻ സഫാരിയിലെത്തുന്ന സന്ദർശകർക്കാണ് അവസരം. മൃഗശാല അധികൃതർ ഇന്നലെ മുതൽ അതിനുള്ള സൗകര്യം ഒരുക്കി.
സാധാരണ മൃഗശാലകളിൽ വന്യമൃഗങ്ങൾ കൂട്ടിനകത്തും സന്ദർശകർ പുറത്തുമാണെങ്കിൽ ഇവിടെ സിംഹത്തെ അവയുടെ 'മടയിലെത്തി'കാണാം. സ്വതന്ത്രമായി കറങ്ങുന്ന സിംഹങ്ങളുടെ അടുക്കലേക്ക് സംരക്ഷിത വാഹനത്തിലാണ് സന്ദർശകർ എത്തുന്നത്. സിംഹങ്ങൾക്ക് നൽകാനുള്ള ഭക്ഷണം മൃഗശാല അധികൃതർ നൽകും. നാലുപേർക്കാണ് വാഹനത്തിൽ യാത്ര ചെയ്യാനാവുക. ഇവരോടൊപ്പം പരിശീലനം നേടിയ ഇമാറാത്തി ഗൈഡുകളും ഉണ്ടാകും. സിംഹങ്ങളുടെ പ്രതികരണങ്ങളും പെരുമാറ്റവും നിരീക്ഷിച്ചറിയാൻ പരിശീലനം സിദ്ധിച്ചവരാണ് ഇവർ.
സഫാരിക്കിടയിൽ നിശ്ചയിച്ച സ്ഥലത്ത് വാഹനം നിർത്തുമ്പോൾ സിംഹങ്ങൾ ചുറ്റുംകൂടും. അവയെ അടുത്തു നിന്ന് കാണാനും മാംസം നൽകാനും സാധിക്കും. മാംസം നൽകുമ്പോൾ അത് സ്വീകരിക്കാനുള്ള പരിശീലനം ലഭിച്ചവയാണ് ഈ സിംഹങ്ങൾ. ഈ സഫാരിയിൽ പങ്കെടുക്കുന്നവർക്ക് ഇതൊരു സുരക്ഷിതവും ആനന്ദകരവുമായ അനുഭവമാക്കുന്നതിന് ഉയർന്ന സുരക്ഷ സംവിധാനമാണ് ഒരുക്കിയതെന്ന് അൽഐൻ മൃഗശാലയിലെ ഓപ്പറേഷൻ ഡയറക്ടർ ഒമർ അൽ അമേരി പറഞ്ഞു. അപൂർവമായി മാത്രം കാണപ്പെടുന്ന, ആഫ്രിക്കയിൽ നിന്നുള്ള വെള്ള സിംഹവും അൽ ഐൻ മൃഗശാലയുടെ പ്രത്യേകതയാണ്. അൽഐൻ മൃഗശാലയിലെ ഈ സഫാരിയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ 800966 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.