മടിക്കരുത്, ബൂസ്റ്ററെടുക്കാൻ; വീണ്ടും ഓർമപ്പെടുത്തി അധികൃതർ
text_fieldsദുബൈ: വാക്സിനേഷൻ പൂർത്തീകരിച്ച് ആറു മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസെടുക്കാൻ മടികാണിക്കരുതെന്ന് വീണ്ടും ഓർമപ്പെടുത്തി ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റി(എൻ.സി.ഇ.എം.എ). വൈറസിന്റെ പുതിയ വകഭേദങ്ങൾ തടയാൻ ബൂസ്റ്റർ അനിവാര്യമാണെന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡിന്റെ ഏറ്റവും പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്, പ്രത്യേകിച്ച് പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും സ്വയം പരിരക്ഷിക്കുന്നതിന് ബൂസ്റ്റർ ഷോട്ടുകൾ എടുക്കാൻ അഭ്യർഥിക്കുന്നുവെന്ന് യു.എ.ഇ ആരോഗ്യവകുപ്പ് വക്താവ് ഡോ. നൂറ അൽ ഗൈഥി പ്രസ്താവനയിൽ പറഞ്ഞു. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് സാനിറ്റൈസ് ചെയ്യുക എന്നിവ ശ്രദ്ധിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി. ഓരോ വാക്സിൻ വിഭാഗത്തിലും ബൂസ്റ്റർ സ്വീകരിക്കേണ്ടതിന്റെ മാനദണ്ഡവും എൻ.സി.ഇ.എം.എ പുറത്തിറക്കിയിട്ടുണ്ട്.
സിനോഫാം
സിനോഫാമിന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും വാക്സിന്റെയോ ഒരു ഡോസാണ് നേരത്തെ സിനോഫാം വാക്സിനെടുത്തവർ സ്വീകരിക്കേണ്ടത്. 50 വയസ്സ് പിന്നിട്ടവരും 16 വയസ്സ് പിന്നിട്ട ഗുരുതര രോഗമുള്ളവരും വാക്സിനേഷൻ പൂർത്തിയായി മൂന്നുമാസത്തിന് ശേഷവും 16 വയസ്സ് പിന്നിട്ട മറ്റുള്ള എല്ലാവരും ആറുമാസത്തിന് ശേഷവുമാണ് ബൂസ്റ്റർ സ്വീകരിക്കേണ്ടത്.
ഫൈസർ
18 വയസ്സ് പിന്നിട്ട എല്ലാവരും വാക്സിനേഷൻ പൂർത്തിയായി ആറുമാസത്തിന് ശേഷം ഫൈസറിന്റെ ഓരോ ഡോസ് ബൂസ്റ്റർ സ്വീകരിക്കണം.
സ്പുട്നിക്
18 പിന്നിട്ട എല്ലാവരും വാക്സിനേഷൻ പൂർത്തിയായി ആറുമാസത്തിന് ശേഷം സ്പുട്നികിന്റെയോ മറ്റേതെങ്കിലും വാക്സിന്റെയോ ഓരോ ഡോസ് ബൂസ്റ്റർ സ്വീകരിക്കണം.
ഇവ മൂന്നുമല്ലാത്ത വാക്സിൻ സ്വീകരിച്ചവർ തൊട്ടടുത്തുള്ള വാക്സിനേഷൻ സെൻറർ സന്ദർശിച്ച് ബൂസ്റ്റർ ഏതാണെന്ന് മനസ്സിലാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രായമായവരെയോ വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകളെയോ സന്ദർശിക്കുന്നതിന് മുമ്പായി പി.സി.ആർ പരിശോധന നല്ലതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്ത് ബുധനാഴ്ച സ്ഥിരീകരിച്ചത് 2708കോവിഡ് കേസുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.