ദുബൈ-ഷാർജ റൂട്ടിൽ ഫെറി സർവിസ് പുനരാരംഭിക്കുന്നു
text_fieldsദുബൈ: റോഡ് ഗതാഗത മേഖലയിലെ തിരക്കൊഴിവാക്കാൻ ദുബൈ-ഷാർജ റൂട്ടിൽ ജലഗതാഗത സംവിധാനം പുനരാരംഭിക്കുന്നു. ദുബൈ റോഡ് ഗതാഗത അതോറിറ്റി, ഷാർജയിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് സമുദ്രഗതാഗത പദ്ധതി നടപ്പാക്കുന്നത്. ആഗസ്റ്റ് നാലുമുതലാണ് ദുബൈ ഫെറി സർവിസ് ആരംഭിക്കുന്നത്. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ദിനേന എട്ട് സർവിസുകളും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ദിവസവും ആറു സർവിസുകളുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തടസ്സമില്ലാത്ത യാത്രയും ദുബൈ, ഷാർജ മേഖലയിലെ കടൽ കാഴ്ചകളും നിരവധി താമസക്കാരെയും വിനോദസഞ്ചാരികളെയും സർവിസ് പ്രയോജനപ്പെടുത്താൻ പ്രേരിപ്പിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ആദ്യമായാണ് മറ്റൊരു എമിറേറ്റുമായി ബന്ധിപ്പിക്കുന്ന സമുദ്ര ഗതാഗത സംവിധാനം ദുബൈയിൽ ആരംഭിക്കുന്നത്.
ദുബൈയിലെ അൽ ഗുബൈബ മറൈൻ സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അക്വേറിയം മറൈൻ സ്റ്റേഷനിലേക്കാണ് സർവിസ്. 35 മിനിറ്റാണ് യാത്രാസമയം. രണ്ട് എമിറേറ്റുകൾക്കിടയിൽ കൂടുതൽ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇരു സ്ഥലങ്ങളിലെയും ഗതാഗത വകുപ്പുകൾ പുതിയ സംവിധാനം ഒരുക്കിയത്.തിങ്കൾ-വ്യാഴം ദിവസങ്ങളിൽ ഷാർജയിൽനിന്ന് രാവിലെ ഏഴിനും 8.30നും വൈകീട്ട് 4.45നും 6.15നുമാണ് സർവിസ്. ദുബൈയിൽനിന്ന് രാവിലെ 7.45, വൈകീട്ട് നാല്, 5.30, ഏഴ് എന്നീ സമയങ്ങളിലും സർവിസുണ്ടാകും. വെള്ളി-ഞായർ ദിവസങ്ങളിൽ ഷാർജയിൽനിന്ന് ഉച്ചക്ക് രണ്ടിനും വൈകീട്ട് നാല്, ആറ് എന്നീ സമയങ്ങളിലും ദുബൈയിൽനിന്ന് വൈകീട്ട് മൂന്ന്, അഞ്ച്, എട്ടുമണി സമയങ്ങളിലുമാണ് സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.