പെരുന്നാള്‍ അവധി; സുരക്ഷ ഉറപ്പാക്കാന്‍ അബൂദബി പൊലീസ്
text_fieldsഅബൂദബി: പെരുന്നാള്‍ അവധി ദിവസങ്ങളില്‍ താമസക്കാരുടെയും പൗരന്മാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുന്‍കരുതല്‍ നടപടികളുമായി അബൂദബി പൊലീസ്. വേഗത കുറച്ചും ഗതാഗതനിയമം പാലിച്ചും വാഹനം ഓടിക്കണമെന്നും ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന താമസകേന്ദ്രങ്ങളില്‍ ഓട്ടമല്‍സരം നടത്തുന്നതുപോലുള്ള പ്രവര്‍ത്തനങ്ങളിൽ ഏർപെടരുത്.
പൊതുജനങ്ങളുടെ സുരക്ഷ അപകടത്തില്പ്പെടുത്താതിരിക്കാന് പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കാതിരിക്കുക. മേല്‍നോട്ടമില്ലാതെ കുട്ടികളെ തെരുവില്‍ കളിക്കാന്‍ വിടാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊലീസ് പ്രധാനറോഡുകളിലും ഇടറോഡുകളിലും മാളുകള്‍ക്കും പാര്‍ക്കുകള്‍ക്കും സമീപമെല്ലാം പട്രോളിങ് നടത്തും.
വാണിജ്യകേന്ദ്രങ്ങള്‍ക്കും വിപണികള്‍ക്കും പൊതു ഉദ്യാനങ്ങള്‍ക്കും സമീപം ഗതാഗതം തടസ്സം കൂടാതെ നടക്കുന്നതിനും മറ്റുമായി പൊലീസ് പട്രോളിങ് നടത്തുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യും. അബൂദബി, അല്‍ ഐന്‍, അല്‍ ധഫ്ര തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേക പട്രോളിങ് ഉണ്ടാകും. കുട്ടികളെ മാതാപിതാക്കളുടെ മേല്‍നോട്ടമില്ലാതെ റോഡ് മുറിച്ചുകടക്കാന്‍ അനുവദിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
അവധി ദിനങ്ങളില്‍ ഗതാഗതം സുഗമം ആക്കുന്നതിന്റെ ഭാഗമായി ഷോപ്പിങ് മാളുകള്‍, മാര്‍ക്കറ്റ്, പബ്ലിക് പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ട്രാഫിക് പട്രോള്‍ ഏര്‍പ്പെടുത്തും. എമിറേറ്റിലെ എല്ലാ തെരുവുകളിലും ജങ്ഷനുകളിലും പ്രധാന ഇടങ്ങളിലും ഗതാഗത തിരക്ക് അനുഭവപ്പെടുന്ന മറ്റിടങ്ങളിലും എല്ലാം ട്രാഫിക് പട്രോളിങ്ങുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.