ആഘോഷകാലം: തിരക്കിലമർന്ന് ദുബൈ വിമാനത്താവളം
text_fieldsദുബൈ: ശൈത്യകാലത്തെ ഏറ്റവും തിരക്കേറിയ ആഘോഷകാലം വന്നെത്തിയതോടെ തിരക്കിലമർന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. ക്രിസ്മസും നവവൽസരവും ആഘോഷിക്കാൻ യു.എ.ഇയിലെത്തുന്നവരുടെയും വിവിധ രാജ്യങ്ങളിലേക്ക് മടങ്ങുന്ന താമസക്കാരുടെയും എണ്ണമാണ് യാത്രക്കാർ കുത്തനെ കൂടാൻ കാരണം. ദിവസവും ശരാശരി 2.58ലക്ഷം യാത്രക്കാർ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡിസംബർ 31വരെ തിരക്ക് തുടരും. ഇതിൽ ഡിസംബർ 22നായിരിക്കും ഏറ്റവും കൂടുതൽ യാത്രക്കാരെത്തുക, 2.79ലക്ഷം. രണ്ടാഴ്ചകളിലായി ആകെ 40ലക്ഷതതിലേറെ സഞ്ചാരികളാണ് വിമാനത്താവളം ഉപയോഗിക്കുക. യാത്രക്കാരുടെ എണ്ണം കൂടുന്നത് പരിഗണിച്ച് വിമാനത്താവളത്തിലെ ഒന്നും രണ്ടും മൂന്നും ടെർമിനലുകളിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
മാത്രമല്ല, യാത്രക്കാർക്ക് വിനോദവും ആനന്ദവും പകരുന്നതിന് വിവിധ സംവിധാനങ്ങളുമുണ്ടാകും. വലിയ സ്നോ ഗ്ലോബിൽ ത്രിഡി ഫോട്ടോ പകർത്താനുള്ള അവസരം, സാൻറാ ക്ലോസിന്‍റെ വേഷമണിഞ്ഞ് വിശേഷങ്ങൾ തിരക്കിയും സമ്മാനങ്ങൾ നൽകിയും കടന്നുപോകുന്ന കലാപ്രകടനം എന്നിവയും ഇതിൽ ഉൾപ്പെടും.
ദുബൈ വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാനക്കമ്പനികളെയും വിമാനങ്ങളെയും സ്വീകരിക്കുന്നുണ്ടെന്നും ശൈത്യകാലത്തിന്‍റെ ആരംഭത്തിൽ ദുബൈയിലേക്ക് എത്തുന്ന സന്ദർശകരുടെയും ഇതുവഴി കടന്നുപോകുന്നവർക്കും സൗകര്യം പരിഗണിച്ചാണെന്നും ദുബൈ എയർപോർട്സ് ടെർമിനൽ ഓപറേഷൻസ് വൈസ് പ്രസിഡൻറ് ഈസ അൽ ശംസി പറഞ്ഞു.
ആഘോഷ അവസരത്തിലെ യാത്ര എളുപ്പവും ആനന്ദകരവുമാക്കാൻ വിമാനത്താവള ജീവനക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരക്കൊഴിവാക്കാൻ ചില നിർദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.
എമിറേറ്റ്സിന്റെ അറ്റ് ഹോം ചെക് ഇൻ സേവനം ഉപയോഗിക്കുക, വിമാനത്താവളത്തിൽ സെൽഫ് സർവീസ് ചെക്പോയിന്റുകൾ ഉപയോഗിക്കുക, ദുബൈയിലും അജ്മാനിലുമുള്ള സിറ്റി ചെക് ഇൻ പോയിൻറ് ഉപയോഗിക്കുക എന്നിവയാണ് പ്രധാന നിർദേശം. ടെർമിനൽ രണ്ടിൽ പുറപ്പെടുന്നതിന്‍റെ നാലു മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരാണ് ഫ്ലൈ ദുബൈ നിർദേശിച്ചിട്ടുള്ളത്. എന്നാൽ ഒന്നാം ടെർമിനലിൽ മൂന്ന് മണിക്കൂറിന് മുമ്പ് എത്തിച്ചേരേണ്ടതില്ല.
ഓൺലൈൻ ചെക് ഇൻ ലഭ്യമായിടങ്ങളിൽ അതുപയോഗിക്കാനും കമ്പനി അറിയിച്ചിട്ടുണ്ട്. 12വയസിൽ കൂടുതൽ പ്രായമുള്ള കുട്ടികളുമായി എത്തുന്ന കുടുംബങ്ങൾക്കും സ്മാർട് ഗേറ്റ് ഉപയോഗിച്ച് പാസ്പോർട് എമിഗ്രേഷൻ പ്രക്രിയകൾ പൂർത്തിയാക്കാൻ സൗകര്യമുണ്ട്.
യാത്രയുമായി ബന്ധപ്പെട്ട എല്ലാ നിർദേശങ്ങളും ശ്രദ്ധിക്കുകയും പോകേണ്ട സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ അറിഞ്ഞുവെക്കുകയും ചെയ്യണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. അതോടൊപ്പം ആവശ്യമായ രേഖകൾ കയ്യിലുണ്ടെന്ന് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
ബാഗേജ് ക്ലിയറൻസ്, സെക്യൂരിറ്റി പരിശോധന എന്നിവിടങ്ങളിൽ സമയം വൈകിപേപാകുന്നത് ഒഴിവാക്കാൻ ലഗേജിൽ പാടില്ലാത്ത വസ്തുക്കൾ ഹാൻഡ് ലഗേജിൽ വെക്കാനും, ലഗേജ് വീട്ടിൽ നിന്നുതന്നെ തൂക്കിനോക്കാനും നിർദേശിച്ചിട്ടുണ്ട്.
തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരെ മാത്രമേ ടെർമിനലിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. അതിനാൽ യാത്ര പറച്ചിലിന് ടെർമിനലിനകത്ത് കയറാനാകുമെന്ന് പ്രതീക്ഷിക്കരുത്. വിമാനത്താവള റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യത പരിഗണിച്ച് ഒന്ന്, മൂന്ന് ടെർമിനലുകളിൽ വന്നിറങ്ങുന്നവർ മെട്രോ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.