നാടിനെ അറിഞ്ഞിട്ട് മതി ജോലി; ശ്രദ്ധേയ ഉത്തരവുമായി ശൈഖ് സുൽത്താൻ
text_fieldsഷാർജ: ദിവസവും ജോലിക്ക് പ്രവേശിക്കും മുമ്പ് ജനങ്ങളുടെ ആവശ്യങ്ങളറിയുന്നതിന് ഫീൽഡ് സന്ദർശനങ്ങൾ നടത്താൻ എമിറേറ്റിലെ മുനിസിപ്പാലിറ്റി മേധാവികൾക്ക് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശം.
എല്ലാ മേഖലയിലുമുള്ള പൊതുജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനാണ് സന്ദർശനം നിർദേശിച്ചിരിക്കുന്നത്. ഷാർജ, അൽ ഹംരിയ, അൽ ബതീഹ്, അൽ മദാം, മലീഹ, ദൈദ്, കലബ, ഖോർഫക്കാൻ, ദിബ്ബ അല ഹിസ്ൻ എന്നിങ്ങനെ ഒമ്പത് മുനിസിപ്പാലിറ്റികളാണ് ഷാർജ എമിറേറ്റിലുള്ളത്. മുനിസിപ്പാലിറ്റി മേധാവികളുടെ സന്ദർശനത്തിന്റെ സമയവും രൂപവും മറ്റു വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല.
ഷാർജ സിറ്റിയിലെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന പാർക്കുകളുടെ ചുറ്റുമതിലുകൾ നവീകരിക്കുന്നതിന് 1.9 കോടി ദിർഹം അനുവദിച്ചും ശൈഖ് സുൽത്താൻ ഉത്തരവ് പുറപ്പെടുവിച്ചു. ആകെ 21 പാർക്കുകളാണ് ഇതിലൂടെ പുതുമോടി കൈവരിക്കുക. പാർക്കുകളുടെ കാഴ്ചഭംഗി വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ശൈഖ് സുൽത്താന്റെ പ്രത്യേകമായ താൽപര്യമുള്ളതിനാൽ പാർക്കുകളുടെ പരിചരണത്തിനും നവീകരണത്തിനും വലിയ ശ്രദ്ധയാണ് മുനിസിപ്പാലിറ്റി നൽകിവരുന്നത്. ഏറ്റവും മികച്ച സൗകര്യങ്ങൾ, സേവനങ്ങൾ, പതിവ് അറ്റകുറ്റപ്പണികൾ എന്നിവ ചെയ്തുവരാറുണ്ട്.പാർക്കുകളുടെ ഉന്നത ഗുണനിലവാരം നിലനിർത്തുന്നതിന് സഹായിക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകിയതിൽ ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് അൽ തനീജി കൃതജ്ഞത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.