അഞ്ചാം പനി: അബൂദബിയിൽ പ്രതിരോധ കാമ്പയിന് തുടക്കം
text_fieldsഅബൂദബി: ലോകവ്യാപകമായി പടർന്നുപിടിക്കുന്ന അഞ്ചാംപനിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി അബൂദബിയിൽ പ്രതിരോധ കാമ്പയിൻ ആരംഭിച്ചു. എമിറേറ്റിലെ ആരോഗ്യസുരക്ഷ സംവിധാനങ്ങളുമായി കൈകോർത്ത് അബൂദബി പബ്ലിക് ഹെൽത്ത് സെന്റർ ആണ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ഒന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അഞ്ചാം പനി, മുണ്ടിനീര്, റുബല്ല എന്നീ അസുഖങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നൽകും. മേയ് 28ന് ആരംഭിക്കുന്ന കാമ്പയിൻ മൂന്നാഴ്ച നീണ്ടു നിൽക്കും. അബൂദബി, അൽ ഐൻ, അൽ ദഫ്ര എന്നീ മേഖലകളിലെ 58 ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്.
2022നെ അപേക്ഷിച്ച് 2023ൽ യൂറോപ്പ്, മധ്യ ആഫ്രിക്കൻ മേഖലയിലെ 53 രാജ്യങ്ങളിൽ രോഗ ബാധിതരുടെ എണ്ണം 30 മടങ്ങ് വർധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഈ സാഹചര്യത്തിൽ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ എന്നത് അബൂദബിയുടെ ആരോഗ്യ സുരക്ഷ നയത്തിന്റെ പ്രധാന ഘടകമാണെന്ന് അബൂദബി ആരോഗ്യ വകുപ്പ് ആക്ടിങ് ഡയറക്ടർ ഡോ. അഹമ്മദ് അൽഖസ്റജി പറഞ്ഞു.
ആഗോള, പ്രാദേശിക മേഖലകളിൽ സംഭവിക്കുന്ന ആരോഗ്യ രംഗത്തെ വെല്ലുവിളികൾ അബൂദബി ആരോഗ്യ വകുപ്പ് നിരീക്ഷിച്ചുവരുകയാണ്. സൗജന്യ വാക്സിനേഷൻ വാഗ്ദാനം ചെയ്യുന്നതിലൂടെ ഇത്തരം രോഗങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ രക്ഷിതാക്കൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ വാക്സിനേഷൻ പ്രോഗ്രാം നിലവിൽ അഞ്ചാം പനിക്കെതിരെ രണ്ട് ഡോസ് വാക്സിനാണ് നൽകുന്നത്.
ആദ്യ ഡോസ് 12ാം മാസത്തിലും രണ്ടാമത്തേത് 18ാം മാസത്തിലുമാണ് നൽകിവരുന്നത്. വായുവിലൂടെയാണ് രോഗാണു പടരുക. രോഗബാധിതനായ ആൾ തുമ്മുമ്പോഴും മൂക്ക് ചീറ്റുമ്പോഴും അയാളുടെ കഫത്തിൽ നിന്നും രോഗം വായുവിലൂടെ പകരാനുള്ള സാധ്യത ഏറെയാണ്. വായുവിൽ രണ്ട് മണിക്കൂർ നേരം നിലനിൽക്കാൻ വൈറസിന് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.