ബഹിരാകാശ യാത്രയിൽ അഞ്ചാമനോ? ആരാണ് ‘സുഹൈൽ’
text_fieldsദുബൈ: സ്പേസ് എക്സ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ച ശേഷം എല്ലാവരെയും ഞെട്ടിച്ച് സുൽത്താൻ അൽ നിയാദിയുടെ പ്രഖ്യാപനം വന്നു. ‘ഞങ്ങളുടെ സംഘത്തിലെ അഞ്ചാമനെ പരിചയപ്പെടുത്തുകയാണ്’ എന്നായിരുന്നു അത്. നാലുപേർ മാത്രമായിരുന്നു പുറപ്പെട്ടത്. പിന്നെയെങ്ങനെ അഞ്ചാമതൊരാളുണ്ടാകും എന്നായിരുന്നു എല്ലാവരുടെയും ആകാംക്ഷ. അൽ നിയാദിതന്നെ അക്കാര്യം വ്യക്തമാക്കി. ‘അവന്റെ പേര് സുഹൈൽ എന്നാണ്’ എന്നു പറഞ്ഞ് ആ പാവക്കുഞ്ഞിനെ പരിചയപ്പെടുത്തി.
മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിന്റെ ഭാഗ്യചിഹ്നമാണ് ‘സുഹൈൽ’. യു.എ.ഇയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിൽ ഹസ്സ അൽ മൻസൂരിക്കൊപ്പവും ‘സുഹൈൽ’ യാത്ര ചെയ്തിരുന്നു. ഗുരുത്വാകർഷണം മനസ്സിലാക്കാനുള്ള സൂചകമായി ബഹിരാകാശത്ത് ഉപയോഗിക്കാനാണിത് കൈയിൽ കരുതിയത്. ഗൾഫ് രാജ്യങ്ങളിൽ വേനലിന് അവസാനമായതിനെ സൂചിപ്പിച്ച് ഉദിച്ചുയരുന്ന നക്ഷത്രത്തിന്റെ പേരാണ് സുഹൈൽ. ശൈത്യകാലത്തിന്റെ തുടക്കമെന്ന നിലയിൽ പ്രതീക്ഷയുടെ സൂചകമായാണിത് വിലയിരുത്തപ്പെടാറുള്ളത്. ഏറ്റവും തിളക്കമേറിയ രണ്ടാമത്തെ നക്ഷത്രമാണിത്.
പ്രാചീനകാലം മുതൽ അറബികൾക്കിടയിൽ കവിതകളിലും കഥകളിലും എല്ലാം സുഹൈൽ നക്ഷത്രം ഇടംപിടിച്ചിട്ടുണ്ട്. ഈ നക്ഷത്രത്തിന്റെ പേരാണ് ബഹിരാകാശ നിലയത്തിന്റെ ഭാഗ്യചിഹ്നത്തിന് നൽകിയത്. അൽ നിയാദിക്കൊപ്പം ആറുമാസം മുഴുവൻ ബഹിരാകാശത്ത് ‘സുഹൈലു’ണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.