പ്രവാസത്തിന് അമ്പതാണ്ട്; യൂസുഫലിക്ക് ആദരമർപ്പിച്ച് 50 കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ
text_fieldsഅബൂദബി: യു.എ.ഇയിൽ അമ്പതു വർഷത്തെ പ്രവാസം പൂർത്തിയാക്കിയ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലിക്ക് ആദരമർപ്പിച്ച് നിർധനരായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയക്ക് അവസരമൊരുക്കുന്നു.യൂസുഫലിയുടെ മൂത്ത മകളും വി.പി.എസ് ഹെൽത്ത്കെയർ വൈസ് ചെയർപേഴ്സനുമായ ഡോ. ഷബീന യൂസുഫലിയുടെ ഭർത്താവായ ഡോ. ഷംഷീർ വയലിൽ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ജന്മനാലുള്ള ഹൃദ്രോഗങ്ങൾ അനുഭവിക്കുന്ന 50 കുട്ടികൾക്കാണ് സൗജന്യമായി സർജറികൾ നൽകുക. ഇത്തരം കേസുകളിൽ ശസ്ത്രക്രിയക്ക് ഭാരിച്ച ചെലവ് വരുന്നതിനാൽ പ്രതിസന്ധിയിലാകുന്ന നിർധന കുടുംബങ്ങൾക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും പുതിയ സംരംഭം. വി.പി.എസ് ഹെൽത്ത്കെയർ നേതൃത്വം നൽകുന്ന പദ്ധതി അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യു.എ.ഇയിലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് നടപ്പാക്കുക.
മനുഷ്യത്വപരമായ ഇടപെടലുകൾ കുടുംബത്തിന്റെതന്നെ ഭാഗമാണെന്നും അതേ പാതയിലൂടെ യൂസുഫലിയുടെ യു.എ.ഇയിലെ അരനൂറ്റാണ്ട് അടയാളപ്പെടുത്താനാണ് ശ്രമമെന്നും ഡോ. ഷംഷീർ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധിപേർക്ക് ആശ്വാസമായ യൂസുഫലിയോടുള്ള ആദരവായി കുടുംബത്തിൽനിന്നുതന്നെയുള്ള പുതിയ പദ്ധതി വിവിധ രാജ്യങ്ങളിലെ കുട്ടികൾക്ക് സഹായഹസ്തമേകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.