'പ്രവാസി വോട്ട്' ചെയ്ത് യു.എ.ഇയിലെ ഫിലിപ്പീനികൾ; മറുപടിയില്ലാതെ ഇന്ത്യക്കാരുടെ മുറവിളി
text_fieldsദുബൈ: യു.എ.ഇയിലിരുന്ന് നാട്ടിലെ വോട്ട് ചെയ്ത് ഫിലിപ്പീനികൾ. ഫിലിപ്പീൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലിരുന്ന് 17 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഒരുമാസം നീണ്ടു നിൽക്കുന്ന വോട്ടെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ദുബൈയിൽ 1.91 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അബൂദബിയിൽ 1.17 ലക്ഷം വോട്ടർമാരുമുണ്ട്. ദുബൈ കോൺസുലേറ്റിലും അബൂദബി എംബസിയിലും എത്തിയാണ് ബാലറ്റിൽ വോട്ട് രേഖപ്പെടുത്തേണ്ടത്.
പ്രവാസികൾക്ക് വോട്ടുള്ളതിനാൽ കോവിഡ് കാലത്ത് ഫിലിപ്പൈൻ സർക്കാർ അവർക്കായി പ്രത്യേക പാക്കേജ് നൽകിയിരുന്നു. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും സൗജന്യമായി നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു.
അടുത്ത ആറ് വർഷം ഭരിക്കേണ്ട ഫിലിപ്പൈൻ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെനറ്റർമാർ തുടങ്ങിയവരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ഫിലിപ്പൈൻസിൽ മെയ് ഒമ്പതിനാണ് വോട്ടെടുപ്പ്. എന്നാൽ, വിദേശത്തുള്ളവർക്ക് ഒരുമാസം മുൻപ് മുതൽ വോട്ട് മെയ് ഒമ്പത്വരെ വോട്ട് ചെയ്യാം.
അതാത് രാജ്യങ്ങളിലെ കോൺസുലേറ്റിലും എംബസിയിലുമെത്തി രാവിലെ എട്ട് മുതൽ ഉച്ചക്ക് മൂന്ന് വരെ സമ്മതിദാനാവകാശം രേഖപ്പെടുത്താം (ചില ദിവസങ്ങളിൽ സമയം വ്യത്യാസപ്പെടാം). ഇതിനായി വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കണം. ഏത് രാജ്യത്തിരിക്കുന്നവർക്കും വെബ്സൈറ്റ് വഴി വോട്ടർപട്ടിക പരിശോധിക്കാം.
വോട്ട് ചെയ്യാൻ മുൻകൂർ ബുക്കിങിന്‍റെ ആവശ്യമില്ല. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് എമിറേറ്റ്സ് ഐ.ഡിയോ പാസ്പോർട്ടോ ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ വോട്ട് ചെയ്ത് മടങ്ങാം. ആദ്യ ദിവസം ദുബൈയിൽ 1391 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഓരോ വർഷവും വോട്ട് രേഖപ്പെടുത്തുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി കോൺസുലേറ്റ് അധികൃതർ പറയുന്നു.
2010ൽ ദുബൈയിൽ രജിസ്റ്റർ ചെയ്ത 30,679 പേരിൽ 3693 (12 ശതമാനം) പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. 2016ൽ 1.22 ലക്ഷം പേർ രജിസ്റ്റർ ചെയ്യുകയും 37,950 പേർ (31 ശതമാനം) വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഈ വർഷം രജിസ്റ്റർ ചെയ്തവരുടെ എണ്ണം 1.91 ലക്ഷമായി ഉയർന്നു. യു.എ.ഇയിൽ ഇന്ത്യക്കാരും, പാകിസ്താനികളും, ബംഗ്ലാദേശികളും കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് ഫിലിപ്പീനികളാണ്.
വിദേശങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് പ്രവാസി വോട്ട് വേണം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ആവശ്യത്തോട് അധികൃതർ ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികൾക്ക് പൗരന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശം പോലും നിഷേധിക്കുകയാണെന്ന ആക്ഷേപം ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഏറെ കാലമായി ഉയർത്തുന്ന വിമർശനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.