ഒടുവിൽ ആശ്വാസം; ഒപ്പം ചില ആശങ്കകളും
text_fieldsദുബൈ: യു.എ.ഇയിലേക്ക് മടങ്ങിയെത്താൻ കുറുക്കുവഴികൾ തേടുന്നതിനിടെയാണ് പ്രവാസികൾക്ക് ആശ്വാസമായി വിലക്ക് മാറിയ വാർത്ത എത്തിയത്. രണ്ട് മാസത്തോളമായി അനുഭവിച്ചിരുന്ന മാനസിക സംഘർഷങ്ങൾക്കാണ് ഇതോടെ അറുതിയായത്.
ഏപ്രിൽ 25നാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ആദ്യം പത്ത് ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് അനിശ്ചിതമായി നീട്ടുകയായിരുന്നു.
ജൂലൈ ആറ് വരെ സർവിസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സും എയർഇന്ത്യയും അറിയിച്ചതോടെ കാത്തിരിപ്പ് നീളുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വിലക്ക് നീക്കിയ വാർത്ത എത്തിയത്. വാക്സിനേഷൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം നൽകുന്നതെങ്കിലും ഭൂരിപക്ഷം പേർക്കും ആശ്വാസം പകരുന്ന വാർത്തയാണിത്. മടങ്ങിയെത്തിയില്ലെങ്കിൽ ജോലി നഷ്ടമാകുമെന്ന അവസ്ഥയിലുള്ളവരുണ്ട്. കുട്ടികളും പ്രായമായ രക്ഷിതാക്കളും നാട്ടിൽ കുടുങ്ങിപ്പോയവരുണ്ട്. വിസ കാലാവധി കഴിയാറായവരും നാട്ടിലുണ്ട്. ഇവർക്കെല്ലാം പ്രതീക്ഷ നൽകുന്ന അനുഭാവപൂർണമായ നടപടിയാണ് യു.എ.ഇ കൈക്കൊണ്ടിരിക്കുന്നത്.
അതേസമയം, നാട്ടിലെ വാക്സിനേഷൻ നടപടികൾ മന്ദഗതിയിലാണെന്നത് ആശങ്കക്ക് വകവെക്കുന്നു.കേരളത്തിൽ പ്രവാസികൾക്ക് വാക്സിനേഷൻ വേഗത്തിലാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇത് ആശ്വാസം പകരുന്നുണ്ടെങ്കിലും ആദ്യ ഡോസ് എടുത്ത ശേഷം ദിവസങ്ങളോളം കാത്തിരിക്കണം അടുത്ത ഡോസ് ലഭിക്കാൻ. കേരളത്തിലെ അവസ്ഥ മെച്ചമാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിെല അവസ്ഥ അതല്ല. അത്യാവശ്യ വിഭാഗത്തിൽപെട്ടവർക്ക് പോലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വാക്സിൻ വിതരണം എത്തിയിട്ടില്ല. മാസങ്ങൾ കാത്തിരുന്നാലും ഈ സ്ഥലങ്ങളിൽ പ്രവാസികൾക്ക് വാക്സിൻ ലഭിക്കാൻ സാധ്യത കുറവാണ്. യു.എ.ഇ അംഗീകരിച്ച വാക്സിനുകൾക്കാണ് അനുമതി. സിനോഫാം, ആസ്ട്രസെനഗ, ഫൈസർ, സ്പുട്നിക് എന്നിവയാണ് യു.എ.ഇ അംഗീകരിച്ചിരിക്കുന്നത്.
ഇതിൽ ആസ്ട്രസനഗയാണ് നാട്ടിൽ കോവിഷീൽഡ് എന്ന പേരിൽ വിതരണം ചെയ്യുന്നത്. എന്നാൽ, കോവിഷീൽഡ് എടുത്തവർക്ക് ചില ഗൾഫ് രാജ്യങ്ങൾ ആദ്യം അനുമതി നൽകിയിരുന്നില്ല. യു.എ.ഇ ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്നതും നിർണായകമാണ്.
വിസിറ്റ് വിസക്കാർക്ക് സന്ദർശനാനുമതി നൽകാത്തതും ആശങ്കക്കിടയാക്കുന്നുണ്ട്. രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചവരാണെങ്കിലും റസിഡൻറ് വിസയില്ലാത്തവർക്ക് വരാൻ കഴിയില്ല. നാല് മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ് പി.സി.ആർ പരിശോധന ഫലം വേണമെന്ന നിബന്ധനയും ആശങ്കയുണ്ടാക്കുന്നു. ഇൻറർനാഷനൽ യാത്രക്കാർ മൂന്ന് മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിബന്ധന. കേരളത്തിലെ വിമാനത്താവളത്തിനുള്ളിൽ റാപിഡ് പി.സി.ആർ ടെസ്റ്റ് സൗകര്യമേർപ്പെടുത്തിയാൽ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.