സമൂഹമാധ്യമത്തിൽ സൂക്ഷിച്ച് ഇടപെടുക; നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ
text_fieldsദുബൈ: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷകരമായ വിഡിയോകളും പരാമർശങ്ങളും നടത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികാരികൾ. പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും യു.എ.ഇ സൈബർ നിയമത്തിൽ പറയുന്ന വ്യവസ്ഥകളും ഉപയോക്താക്കൾ പാലിക്കണം.
ഇസ്ലാമിനേയോ മറ്റ് മതങ്ങളെയോ സംസ്കാരത്തേയോ അപകീർത്തിപ്പെടുത്തും വിധമുള്ള ഓൺലൈൻ പോസ്റ്റുകൾ പങ്കുവെച്ചാൽ ശിക്ഷ കഠിനമായിരിക്കും. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഏഴു വർഷം തടവും രണ്ടര ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.
മനുഷ്യക്കടത്ത്, അശ്ലീലം, വേശ്യാവൃത്തി തുടങ്ങി പൊതു ധാർമികതക്ക് എതിരായ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നടത്തരുത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകളും അരുത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഒരുവർഷം മുതൽ അഞ്ചു വർഷം വരെ തടവും രണ്ടര ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ചുമത്തും.
വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെക്കുക, ഭീഷണിപ്പെടുത്തുക, ആധികാരിക ഉറവിടങ്ങളിൽനിന്നല്ലാത്ത തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക എന്നിവയും ശിക്ഷാർഹമാണ്. നിയമം ലംഘിച്ചാൽ ആറു മാസം തടവും ഒന്നരലക്ഷം പിഴയുമാണ് ലഭിക്കുക.
കൂടാതെ ഭരണകൂടത്തേയോ സർക്കാർ വകുപ്പുകളേയോ ദേശീയ ചിഹ്നങ്ങളേയോ മറ്റ് രാജ്യങ്ങളുടെ രാഷ്ടീയവ്യവസ്ഥകൾ എന്നിവക്കെതിരായ പോസ്റ്റുകളും ഗുരുതര കുറ്റകൃത്യമായി പരിഗണിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു.
സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപം: യുവതിക്ക് പിഴ
ദുബൈ: യു.എ.ഇയിൽ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച യൂറോപ്യൻ യുവതിക്ക് 10,000 ദിർഹം പിഴയിട്ട് ദുബൈ കോടതി. റിയൽ എസ്റ്റേറ്റ് കമ്പനി തട്ടിപ്പ് നടത്തുന്നുവെന്നാരോപിച്ചാണ് ഗൂഗിൾ മാപ് ആപ്ലിക്കേഷനിലൂടെ 38കാരിയായ യുവതി അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ചത്. കമ്പനിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പബ്ലിക് പ്രോസിക്യൂഷൻ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് കേസ് ദുബൈ കോടതിക്ക് കൈമാറിയത്. ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽനിന്ന് യുവതിയെ മൂന്ന് മാസത്തേക്ക് വിലക്കാനും ഇവർ ഇന്റർനെറ്റിൽ പങ്കുവെച്ച അധിക്ഷേപകരമായ പരാമർശങ്ങൾ ഡിലീറ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു.
പരാതിക്കാരായ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നിന്ന് 2018ൽ യുവതി രണ്ട് അപാർട്മെന്റുകൾ വാങ്ങിയിരുന്നു. അഞ്ചു ലക്ഷം ദിർഹം വിലയുള്ള മൂന്നാമത്തെ അപാർട്മെന്റ് കൈമാറുന്നത് വൈകിയതോടെയാണ് ഇവർ കമ്പനിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ടതെന്നാണ് കമ്പനിയുടെ പരാതി. അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ച കേസിൽ ശിക്ഷ വിധിക്കുന്ന മൂന്നാമത്തെ സംഭവമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.