മയക്കുമരുന്ന് പരിശോധനക്ക് സാമ്പിൾ നൽകിയില്ലെങ്കിൽ ലക്ഷം ദിർഹം പിഴ
text_fieldsദുബൈ: മയക്കുമരുന്ന് പരിശോധനക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചാൽ ഒരു ലക്ഷം ദിർഹം പിഴയും രണ്ടു വർഷത്തിൽ കുറയാത്ത ജയിൽശിക്ഷയും അനുഭവിക്കേണ്ടിവരുമെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച സമൂഹമാധ്യമമായ എക്സിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷൻ മയക്കുമരുന്ന് വിരുദ്ധ നടപടികളിലെ പിഴ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.
സാമ്പിൾ ശേഖരിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ നിയമിക്കുന്ന ഉദ്യോഗസ്ഥരെ ബഹുമാനിക്കുകയും അനുസരിക്കുകയും വേണം. വ്യക്തമായ ന്യായീകരണമില്ലാതെ ഉദ്യോഗസ്ഥരുടെ നടപടികൾ തടസ്സപ്പെടുത്തുകയോ അനുസരിക്കാതിരിക്കുകയോ ചെയ്താൽ പിഴയും ജയിൽശിക്ഷയും ലഭിക്കും.
പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനും മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നതിലുമുള്ള സർക്കാറിന്റെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. മയക്കുമരുന്ന് രഹിത സമൂഹം കെട്ടിപ്പടുക്കാനും പൊതുജനങ്ങളുടെ സാമൂഹികക്ഷേമം ഉറപ്പവരുത്താനുമാണ് നിയമം കർശനമാക്കിയത്. രാജ്യം അനുശാസിക്കുന്ന നിയമങ്ങൾ പാലിക്കാൻ എല്ലാ വിഭാഗം ജനങ്ങളും തയാറാവണം.
വിദേശ രാജ്യങ്ങളിൽനിന്ന് ദുബൈ വഴി മയക്കുമരുന്ന് കടത്ത് വ്യാപകമായ സാഹചര്യത്തിലാണ് അധികാരികൾ നിയമം കർശനമാക്കിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ കോടിക്കണക്കിന് ദിർഹം വില വരുന്ന മയക്കുമരുന്നാണ് ദുബൈ കസ്റ്റംസ് പിടികൂടിയത്. എയർ കാർഗോ വഴിയും കണ്ടെയ്നറുകൾ വഴിയുമാണ് വൻതോതിൽ മയക്കുമരുന്ന് എത്തുന്നതെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. ഇത് തടയാൻ കർശന നടപടികളും ദുബൈ കസ്റ്റംസും പൊലീസും സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.