അവശ്യവസ്തുക്കൾക്ക് അമിത വില; 100 സ്ഥാപനങ്ങൾക്ക് പിഴ
text_fieldsദുബൈ: അവശ്യവസ്തുക്കൾക്ക് വില വർധിപ്പിച്ചാൽ കർശന നടപടിയെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം. അമിത വിലവർധന തടയാൻ 209 സ്ഥലങ്ങളിൽ ഉപഭോക്തൃ സംരക്ഷണ സമിതി നടത്തിയ പരിശോധനയിൽ ഏപ്രിൽ മുതൽ ജൂലൈ അഞ്ചുവരെ നാല് മാസത്തിനിടയിൽ 125 സ്ഥാപനങ്ങൾ അവശ്യ വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ചിക്കൻ, മുട്ട തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്ക് സർക്കാർ നിശ്ചയിച്ച വിലയേക്കാൾ അമിതവില ഈടാക്കിയ 100 കടകൾക്ക് മന്ത്രാലയം പിഴയിടുകയും ചെയ്തു. വരുംദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
യു.എ.ഇയിൽ അവശ്യവസ്തുക്കൾക്ക് അതോറിറ്റി നിശ്ചയിച്ച വിലയേക്കാൾ ഉയർന്ന വില ഈടാക്കണമെങ്കിൽ സൂപ്പർ മാർക്കറ്റുകൾ പ്രത്യേകം അനുമതി വാങ്ങണം. നിയമം ലംഘിച്ചാൽ ആദ്യതവണ 10,000 ദിർഹമും ആവർത്തിച്ചാൽ രണ്ടുലക്ഷം ദിർഹം വരെയും പിഴ ഈടാക്കും. പാചക എണ്ണ, മുട്ട, പാലുൽപന്നങ്ങൾ, അരി, പഞ്ചസാര, പൗൾട്രി, ബ്രഡ്, ഗോതമ്പ്, പയറുൽപന്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില സംബന്ധിച്ച പുതുക്കിയ ഉത്തരവ് ഇക്കഴിഞ്ഞ ഏപ്രിലിലാണ് മന്ത്രാലയം പുറപ്പെടുവിച്ചത്.
രാജ്യത്തെ അവശ്യ വസ്തുക്കളുടെ വില നിയന്ത്രണം സംബന്ധിച്ച് ചർച്ച ചെയ്യാൻ ചൊവ്വാഴ്ച സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നിരുന്നു. അമിത വിലവർധന ശ്രദ്ധയിൽപെട്ടാൽ 8001222 എന്ന നമ്പറിൽ ഉപഭോക്താക്കൾക്ക് പരാതിപ്പെടാമെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.