പിഴകളും ഫീസും ഗഡുക്കളായി അടക്കാം; ‘ടാബി’ വ്യാപകമാക്കി ആർ.ടി.എ
text_fieldsദുബൈ: ട്രാഫിക് പിഴകൾ മുതൽ ലൈസൻസ് പുതുക്കാനുള്ള ഫീസ് വരെ നാല് ഗഡുക്കളായി അടക്കാനുള്ള ‘ടാബി’ സംവിധാനം ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) വ്യാപകമാക്കുന്നു. ആർ.ടി.എയുടെ എല്ലാ ഡിജിറ്റൽ സംവിധാനത്തിലും ഇനിമുതൽ ടാബി ഇൻസ്റ്റാൾമെന്റ് പേയ്മെന്റ് സൗകര്യമുണ്ടാകും. നേരത്തേ കിയോസ്കുകളിൽ മാത്രമാണ് ഇതിന് സൗകര്യമുണ്ടായിരുന്നത്. ആർ.ടി.എ വെബ്സൈറ്റ്, ആർ.ടി.എ ആപ്, നോൽ പേ ആപ് എന്നിങ്ങനെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങളിലും ടാബി ലഭ്യമാകും.
170 സേവനങ്ങളുടെ ഫീസ് അടക്കുന്നതിന് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം നൽകുന്നതാണ് നടപടി. നാലു ഗഡുക്കളായി അടക്കുന്നത് ഉപയോക്താക്കൾക്ക് ഭാരം കുറക്കുന്നതുമാണ്. എളുപ്പമുള്ള പേയ്മെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കളുടെ സന്തോഷം ഉറപ്പുവരുത്താനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് നടപടിയെന്ന് ആർ.ടി.എ പ്രസ്താവനയിൽ പറഞ്ഞു.
അതോടൊപ്പം ദുബൈയുടെ കാഷ്ലെസ് സ്ട്രാറ്റജിയുമായി യോജിച്ചുവരുന്ന പദ്ധതി ഉപഭോക്തൃ സൗകര്യവും ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗവും വർധിപ്പിക്കുന്നതാണ്. കഴിഞ്ഞ വർഷമാണ് ‘ടാബി’യുമായി ആർ.ടി.എ പങ്കാളിത്തം ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് സുഗമമായ ഗഡുക്കളിലായുള്ള പേയ്മെന്റ് സൗകര്യം ലഭ്യമാക്കുകയാണ് പുതിയ വിപുലീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.