ഷാര്‍ജയില്‍ വന്‍ തീപിടിത്തം; മലയാളിക്ക് ഗുരുതര പരിക്ക്
text_fieldsഷാര്‍ജ: വ്യവസായ മേഖല 10ല്‍ ചൊവ്വാഴ്ച ഉച്ചക്ക് 12.30നുണ്ടായ തീപിടിത്തത്തില്‍ മലയാളിക്ക് പരിക്കേറ്റു. വന്‍നാശനഷ്ടം കണക്കാക്കുന്നു. ടയര്‍, ഓയില്‍, ആക്രി സാധനങ്ങള്‍ എന്നിവ സൂക്ഷിച്ചിരുന്ന ഗുദാമാണ് കത്തി നശിച്ചത്. അപകട കാരണം അറിവായിട്ടില്ല. കത്തിയ ഗുദാമിന് സമീപം പ്രവര്‍ത്തിക്കുന്ന മുഹമ്മദ് എം. (34) എന്ന ആള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കത്തിയ സ്ഥാപനത്തില്‍ നിന്ന് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിെൻറ ചീളുകള്‍ പതിച്ചാണ് പരിക്ക്. കത്തിയ സ്ഥാപനത്തില്‍ നിന്ന് മീറ്ററുകള്‍ക്കപ്പുറത്തായിരുന്നു ഇദ്ദേഹം. ഇയാള്‍ മലയാളിയാണെന്നാണ് അറിയുന്നത് .എന്നാല്‍ ഏത് ജില്ലക്കാരാനാണെന്ന് സ്ഥിരികരിച്ചിട്ടില്ല. ഇദ്ദേഹത്തെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിരവധി വ്യവസായ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. വ്യവസായ മേഖല ഒന്നില്‍ നിന്ന് ഒഴിപ്പിച്ചതുള്‍പ്പെടെ നിരവധി കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഷാര്‍ജയിലെ ആക്രി സാമ്രാജ്യം എന്ന അപരനാമവും വ്യവസായ മേഖല പത്തിനുണ്ട്. തീപിടിച്ച ഗുദാമിന് സമീപം നിരവധി ഗുദാമുകളും കച്ചവട സ്ഥാപനങ്ങളും തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളുമുണ്ട്. എന്നാല്‍ ഈ ഭാഗത്തേക്കുള്ള തീയുടെ പരക്കം പാച്ചില്‍ തടയാന്‍ തുടക്കം മുതല്‍ തന്നെ സിവിൽ ഡിഫന്‍സ് ജാഗ്രത പുലർത്തിയതാണ് തുണയായത്. ഷാര്‍ജക്ക് പുറമെ ദുബൈയില്‍ നിന്നും സിവില്‍ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനത്തിനെത്തി. ശക്തമായ പുകപടലങ്ങളും മണവുമായിരുന്നു പകല്‍ മുഴുവന്‍ ഇവിടെ. തീ അണച്ചതിന് ശേഷം തുടര്‍ അപകടങ്ങള്‍ ഇല്ലാതിരിക്കാന്‍ തണുപ്പിക്കല്‍ പ്രക്രിയയും നടത്തി. മേഖലയില്‍ അപകടം നടന്നത് മുതല്‍ ശക്തതമായ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. അപകട മേഖലയിലേക്ക് വാഹനങ്ങള്‍ വരുന്നത് വിലക്കി. പുകശ്വസിച്ച് പ്രദേശ വാസികള്‍ അപകടത്തിലാവാതിരിക്കാനുള്ള മുന്‍കരുതലും പൊലീസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.