അജ്മാനിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം
text_fieldsഅജ്മാൻ: അജ്മാനിൽ ബഹുനില താമസ കെട്ടിടത്തിന് തീപിടിച്ചു. അജ്മാൻ വൺ ടവറിലെ ടവർ രണ്ടിലാണ് തിങ്കളാഴ്ച രാത്രി 12 മണിയോടുകൂടി തീപിടിത്തമുണ്ടായത്. മലയാളികളടക്കം നൂറുകണക്കിനുപേർ ഈ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്.
മുപ്പതോളം നിലയുള്ളതാണ് കെട്ടിടം. സൂപ്പർ മാർക്കറ്റ് അടക്കമുള്ള സ്ഥാപനങ്ങൾ ഇതിനടിയിൽ പ്രവർത്തിക്കുന്നുണ്ട്. തീപിടിത്തത്തെ തുടർന്ന് സമീപത്തെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരെ അധികൃതർ ഒഴിപ്പിച്ചു. ആളപായമുള്ളതായി റിപ്പോർട്ടില്ല. പിറ്റേ ദിവസം അവധിയായതിനാല്‍ അധികപേരും ഈ സമയത്ത് ഉറങ്ങിയിരുന്നില്ല എന്നത് അപകടത്തിന്റെ ആഘാതം കുറക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ സിവില്‍ ഡിഫന്‍സും പൊലീസും ദ്രുതഗതിയില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തീ കൂടുതല്‍ പടരുന്നത് തടയാന്‍ കഴിഞ്ഞു. കൂടുതല്‍ അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒഴിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി താമസക്കാരെ എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ വിവിധ ബസുകളിലായി ഹോട്ടലിലേക്ക് മാറ്റി. ഏകദേശം ഒരു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും തീ പൂർണമായും അണക്കാന്‍ കഴിഞ്ഞു. ആര്‍ക്കും കാര്യമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
താമസക്കാരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ വിവരം അറിയിക്കുന്നതിനും പ്രദേശത്തിന്റെ സുരക്ഷക്കുമായി ഒരു മൊബൈല്‍ പൊലീസ് സ്റ്റേഷന് അനുവദിച്ചതായി അജ്മാൻ പൊലീസ് ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷി വ്യക്തമാക്കി. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ സഹകരണത്തോടെയാണ് താമസക്കാരെ അജ്മാനിലെയും ഷാർജയിലെയും ഹോട്ടലുകളിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
64 അപ്പാർട്മെന്റുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചതായും ടവറിൽനിന്ന് പറന്നുയർന്ന അഗ്നിശകലങ്ങൾ കാരണം 10 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും കേടായ കാറുകൾക്കിടയിൽ ഒരു കാർ പൂർണമായും കത്തിയതായും അൽ മദീന പൊലീസ് സ്റ്റേഷൻ ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഗൈത്ത് ഖലീഫ അൽ കഅബി പറഞ്ഞു.
സിവിൽ ഡിഫൻസുമായി ഏകോപിപ്പിച്ച് ടവറിലെ വൈദ്യുതി സംവിധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തന ശ്രമങ്ങൾ പൂര്‍ത്തീകരിക്കുന്നതോടെ താമസക്കാരെ അവരുടെ അപ്പാർട്മെന്റുകളിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.