നഗരസുരക്ഷ അഗ്നിശമന സേനയും തുറമുഖ വകുപ്പും ധാരണയിൽ
text_fieldsദുബൈ: നഗരത്തിലെ സുരക്ഷ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും ശക്തിപ്പെടുത്തുന്നതിനായി ദുബൈ സിവിൽ ഡിഫൻസും തുറമുഖ, കസ്റ്റംസ് ഡിപ്പാർട്മെന്റും ഫ്രീസോൺ കോർപറേഷനും (പി.സി.എഫ്.സി) ധാരണപത്രത്തിൽ ഒപ്പുവെച്ചു.
പരസ്പരമുള്ള വൈദഗ്ധ്യങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകീകരണം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. റിസോഴ്സസ് ആൻഡ് സപ്പോർട്ട് സർവിസസ് അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ജമാൽ ബിൻ ആദിദ് അൽ മുഹൈരിയും പി.സി.എഫ്.സി സി.ഇ.ഒ നാസൽ അൽ നിയാദിയും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം, അഗ്നിബാധകളെ പ്രതിരോധം, പ്രതികരണം എന്നിവക്കായി നടന്നുവരുന്ന പ്രയത്നങ്ങളുടെ ഭാഗമായാണ് പുതിയ സഹകരണം. ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ ഒന്നായി ദുബൈ നഗരത്തെ മാറ്റുകയെന്ന നയത്തിനോട് ചേർന്നു നിൽക്കുന്നതാണ് പുതിയ സഖ്യമെന്ന് അധികൃതർ അറിയിച്ചു.
അഗ്നിസുരക്ഷക്കായി ഏറ്റവും മികച്ച ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിദഗ്ധ നിർദേശങ്ങൾ പരസ്പരം കൈമാറുന്നതിലൂടെ നൂതന ആശയങ്ങൾ രൂപപ്പെടുത്താൻ സാധിക്കുമെന്ന് പി.സി.എഫ്.സി സി.ഇ.ഒ നാസൽ അൽ നിയാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.