തീപിടിത്ത സാധ്യത; സുരക്ഷ ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ്
text_fieldsഅബൂദബി: ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തീപിടിത്ത സാധ്യതയുള്ളതിനാൽ എമിറേറ്റിലെ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ശരിയായ വിധത്തില്‍ സംവിധാനിച്ചിരിക്കണമെന്നും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഫയര്‍ അലാറം ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിനു പുറമേ ഇവയുടെ അറ്റകുറ്റപ്പണിക്കും കരാർ ഉണ്ടായിരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി നിര്‍ദേശിച്ചു.
ഫയര്‍ അലാറം സംവിധാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും സിവില്‍ ഡിഫന്‍സ് അംഗീകരിച്ച സാധുവായ അറ്റകുറ്റപ്പണി കരാര്‍ ഇല്ലെങ്കില്‍ 1000 ദിര്‍ഹം പിഴ ചുമത്തുമെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി മുന്നറിയിപ്പ് നല്കി. സിവില്‍ ഡിഫന്‍സ് അംഗീകരിച്ച കമ്പനിയാവണം അറ്റകുറ്റപ്പണി സേവനം നല്‍കേണ്ടത്. എമിറേറ്റിലെ കെട്ടിടങ്ങള്‍ക്ക് നിയമങ്ങള്‍ അനുശാസിക്കുംവിധം മതിയായ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ 10,000 ദിര്‍ഹം പിഴ ചുമത്തുമെന്നും കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
കെട്ടിട നിര്‍മാണം ആരംഭിക്കുന്ന ഘട്ടം മുതല്‍ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. പാര്‍പ്പിട സമുച്ചയങ്ങളില്‍ തീപിടിത്തത്തില്നിന്നുള്ള സംരക്ഷണം ഏറെ പ്രാധാന്യമുള്ളതാണ്. അതിനാൽതന്നെ കെട്ടിടങ്ങളിലെ താമസക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനാണ് കര്‍ശന സുരക്ഷ ചട്ടങ്ങള്‍ നടപ്പാക്കുന്നത്. കെട്ടിട സുരക്ഷ സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ പുതുക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വാടക കരാര്‍, കരാറുകാര്‍ക്കുള്ള തൊഴിലാളികളുടെ പട്ടിക, വാണിജ്യ-വിനോദ ലൈസന്‍സുകള്‍, ചേംബര്‍ ഓഫ് കോമേഴ്സ് സര്‍ട്ടിഫിക്കറ്റ്, ഒപ്പ് പതിക്കാനുള്ള അവകാശ സര്‍ട്ടിഫിക്കറ്റ്, ഫെസിലിറ്റി സൈറ്റ് പ്ലാന്‍, കെട്ടിടത്തിന്റെ അഗ്നിശമന സംവിധാനങ്ങളുടെ വാര്‍ഷിക മെയിന്റനന്‍സ് കരാര്‍ തുടങ്ങിയ രേഖകള്‍ നല്‍കുമ്പോഴാണ് കെട്ടിട സുരക്ഷ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. എല്ലാത്തരത്തിലുള്ള കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.