അൽഖൂസിൽ വൻ തീ പിടിത്തം; മൂന്ന് തൊഴിലാളികൾ വെന്തുമരിച്ചു
text_fieldsദുബൈ: അൽഖൂസ് വ്യവസായ മേഖല മൂന്നിൽ ഞായറാഴ് രാവിലെയുണ്ടായ തീ പിടിത്തതിൽ മൂന്ന് തൊഴിലാളികൾ വെന്തുമരിച്ചു. സ്വകാര്യഫാക്ടറിയുടെ േഗാഡൗണിൽ പുലർച്ചെ 4.53നാണ് തീ പടർന്നത്. അകത്ത് ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. തീ ഉയർന്ന വിവരമറിഞ്ഞയുടൻ സിവിൽ ഡിഫനസ് സംഘം സ്ഥലത്തെത്തിയെങ്കിലും തുണികളും മറ്റ് തീ പിടിക്കുന്ന വസ്തുക്കളും സൂക്ഷിച്ചിരുന്ന സമീപത്തെ രണ്ടു ഗോഡൗണുകളിലേക്ക് കൂടി തീ പടരുകയായിരുന്നു. 8:58 ആയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായതായി സിവിൽ ഡിഫൻസ് അൽ ഖൂസ് സ്റ്റേഷനിലെ ലഫ്. റാശിദ് ബിൻ ദഹ്റൂഇ പറഞ്ഞു. എന്നാൽ 10.40നാണ് മൂന്ന് പേരെ കാണാതായ വിവരം സഹപ്രവർത്തകർ അറിയിക്കുന്നത്.
തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. റാശിദിയ, ബർഷ, ശുഹദാ സ്റ്റേഷനുകളിൽ നിന്ന് 53 അഗ്നിശമന സേനാംഗങ്ങളും14വാഹനങ്ങളും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു. കേണൽ ഹുസൈൽ അൽ റഹോമി നേതൃത്വം നൽകി. ഫാക്ടറി നടത്തിപ്പുകാർ സുരക്ഷാ നിർദേശങ്ങളും ക്രമീകരണങ്ങളും പാലിക്കാഞ്ഞതാണ് അപകടത്തിനും മരണത്തിനും ഇടയാക്കിയതെന്ന് സിവിൽ ഡിഫൻസ് അധികൃതർ ചൂണ്ടിക്കാട്ടി.
വെയർ ഹൗസിനകത്ത് ആളുകളെ താമസിപ്പിച്ചതു തന്നെ കടുത്ത നിയമലംഘനമാണെന്ന് അസി. ജനറൽ ഡയറക്ടർ ബ്രിഗേഡിയർ റാശിദ് ഖലീഫ പറഞ്ഞു. ഒാഫീസുകളും തൊഴിലിടങ്ങളും താമസത്തിന് ഉപയോഗിക്കുന്നത് സിവിൽ ഡിഫൻസ് നിയമങ്ങൾക്ക് വിരുദ്ധമാണ്. തീ പിടിത്തത്തിെൻറ കാരണം കണ്ടെത്താനും തുടരന്വേഷണങ്ങൾക്കുമായി ദുബൈ പൊലീസിലെ ഫോറൻസിക് വിദഗ്ധർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ വിശദ പരിശോധനക്കയച്ചു. മരിച്ചവരെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.