കരിമരുന്ന് പ്രയോഗങ്ങളില്‍നിന്ന് കുട്ടികളെ അകറ്റിനിർത്തണം
text_fieldsഅബൂദബി: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നിയമവിരുദ്ധമായുള്ള കരിമരുന്ന് പ്രയോഗങ്ങള്‍, പടക്കം പൊട്ടിക്കല്‍ തുടങ്ങിയവയില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ പൊലീസ് മാതാപിതാക്കളോട് അഭ്യർഥിച്ചു. ആഘോഷങ്ങളുമായി ബന്ധപ്പെട്ട കരിമരുന്ന് പ്രയോഗങ്ങളുടെ അപകടാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പിലാണ് അബൂദബി പൊലീസ് ഇക്കാര്യം അറിയിച്ചത്. വിനോദത്തിന്റെ ഭാഗമായി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദുരന്തത്തിലാണ് കലാശിക്കുക. പടക്ക സ്ഫോടനങ്ങള്‍ കണ്ണിന്റെ കാഴ്ച നഷ്ടമാവുന്നതിനും വീടിന് തീപിടിക്കുന്നതിനും വരെ ഇടയാക്കിയേക്കും. പെരുന്നാളാഘോഷ വേളയില്‍ കുട്ടികളെ നിരീക്ഷിക്കുകയും അപകടസാധ്യതയുള്ളതിനാല്‍ അവര്‍ പടക്കങ്ങളും മറ്റും ഉപയോഗിക്കുന്നത് തടയണമെന്നും പൊലീസ് രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്കി.
ചില സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്ന് പടക്കങ്ങള്‍ വാങ്ങുന്ന കുട്ടികള്‍ക്കെതിരെ നിയന്ത്രണം കര്‍ശനമാക്കണമെന്ന് അതോറിറ്റി രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായ പടക്കങ്ങള്‍ പുറന്തള്ളുന്ന വിഷവാതകങ്ങള്‍ ശാരീരിക അസ്വസ്ഥതകള്‍ക്കും വൈകല്യങ്ങള്‍ക്കും കാരണമായേക്കാം. പരിസ്ഥിതിക്കും ദോഷം ചെയ്യും. കരിമരുന്ന് പ്രയോഗം മൂലമുണ്ടാവുന്ന അപകടങ്ങളെ ബോധവത്കരിക്കുന്ന തങ്ങളുടെ ഉദ്യമവുമായി സഹകരിക്കണമെന്ന് അബൂദബി പൊലീസ് കുടുംബങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
അപകടകരമായ ഇത്തരം വസ്തുക്കളെ ആരെങ്കിലും പ്രോത്സാഹിപ്പിക്കുന്നതായി കണ്ടാല്‍ അക്കാര്യം 999 എന്ന നമ്പറില്‍ അടിയന്തര സേവനങ്ങളെയോ അല്ലെങ്കില്‍ 8002626 എന്ന ടോള്‍ ഫ്രീ നമ്പറില്‍ രഹസ്യമായോ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു. അനധികൃതമായി പടക്കം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.