ആദ്യ തീപിടിത്തത്തിന് മൂന്ന് പതിറ്റാണ്ട്; ഫ്രിജ് മുറാർ വീണ്ടും തേങ്ങുന്നു
text_fieldsദുബൈ: മൂന്നു പതിറ്റാണ്ടു മുമ്പും ദേര ഫ്രിജ് മുറാറിനെ നടുക്കിയ തീപിടിത്തമുണ്ടായിരുന്നു. 1985 ഒക്ടോബറിൽ ഫ്രിജ് മുറാറിൽ കുടിലിന് തീപിടിച്ച് ഒമ്പതു പാകിസ്താനികളാണ് മരിച്ചത്. തീപിടിത്തത്തിന് കാരണക്കാരനായ പോൾ ജോർജ് നാടാർ എന്ന മലയാളി കാർപെന്റർ 27 വർഷം ദുബൈ ജയിലിൽ ശിക്ഷയനുഭവിച്ച് 2017 നവംബറിലാണ് ജയിൽ മോചനം നേടിയത്.
ഫ്രിജ് മുറാറിൽ ഫർണിച്ചർ ഷോപ് നടത്തുകയായിരുന്ന തിരുവനന്തപുരം സ്വദേശി പോൾ ജോർജിനെ തൊട്ടടുത്ത വില്ലയിൽ താമസിച്ചിരുന്ന പാകിസ്താനി കുട്ടികൾ ശല്യപ്പെടുത്തുന്നത് പതിവായിരുന്നു. തുടർച്ചയായ വഴക്ക് പോളിന്റെ ജോലി തടസ്സപ്പെടുത്തി. മദ്യപാനിയായ പോളും പാക് കുട്ടികളും തമ്മിലെ പ്രശ്നം പോളിനെ കൂടുതൽ സമ്മർദത്തിലാക്കുകയും അത് മദ്യലഹരിയിലാഴ്ത്തുകയും ചെയ്തു. സ്വബോധം നഷ്ടപ്പെട്ട പോൾ കടയടച്ചു വീട്ടിൽ പോകുമ്പോൾ കൈയിലുണ്ടായിരുന്ന പെയിൻറിലൊഴിക്കുന്ന ടിന്നറും വലിച്ചുതീരാറായ സിഗരറ്റ് കുറ്റിയും വില്ല കോമ്പൗണ്ടിലേക്ക് വലിച്ചെറിഞ്ഞു.
സിഗരറ്റ് കുറ്റിയിലെ തീ ടർപെന്റ് ഓയിലിന്റെ സഹായത്തോടെ ആളിപ്പടർന്ന് മരംകൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലിനകത്തേക്ക് പടർന്നു. അകത്ത് ഉറങ്ങിക്കിടന്നിരുന്ന രണ്ട് ഉമ്മമാരും ഏഴു കുട്ടികളും വെന്തുമരിച്ചു. മുതിർന്ന ആണുങ്ങളും ഒരു സ്ത്രീയും രക്ഷപ്പെട്ടു. രണ്ടു വയസ്സിനും 14 വയസ്സിനും ഇടക്ക് പ്രായമുള്ളവരായിരുന്നു കുട്ടികൾ. പരിക്കേറ്റ സ്ത്രീയുടെ മൊഴിയാണ് പോളിന് കുരുക്കായത്. അടുത്ത ദിവസം തന്നെ പോളിനെ അറസ്റ്റ് ചെയ്തു. 27 വർഷം കഴിഞ്ഞ് ജയിലിൽനിന്ന് ഇറങ്ങി നാട്ടിൽ പോകുമ്പോഴും മദ്യലഹരിയിൽ ചെയ്ത കൈപ്പിഴയെ കുറിച്ചു പോളിന് ഓർമയില്ലായിരുന്നു. വില്ലക്ക് ചുറ്റും ടർപെന്റ് ഓയിൽ ഒഴിച്ച് ആസൂത്രണത്തോടെ തീകൊടുത്തതായാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. അതിന് തെളിവായി ടിന്നർ കലർന്ന മണ്ണ് പൊലീസ് വില്ലക്ക് ചുറ്റും നിന്ന് ശേഖരിച്ചിരുന്നു.
നീണ്ടകാലത്തെ വിചാരണക്കൊടുവിൽ ദുബെ കോടതി പോളിന് വധശിക്ഷ വിധിച്ചുവെങ്കിലും 1996ൽ പാകിസ്താനി കുടുംബം മാപ്പുനൽകിയതുകൊണ്ട് ശിക്ഷ നടപ്പാക്കിയില്ല. എങ്കിലും ജയിൽവാസം നീണ്ടു. നേരിൽ കാണാത്ത മകൾ സുമിത്ര 2000ത്തിൽ ദുബൈ ജയിലിൽ വന്ന് പോളിനെ കണ്ടത് അന്ന് വലിയ വാർത്തയായിരുന്നു. 2005ലാണ് 30 വയസ്സായ മകൻ സുബ്ബരാജൻ പിതാവിനെ സന്ദർശിക്കുന്നത്. 22 വർഷം ജയിൽവാസം പൂർത്തിയാക്കിയപ്പോൾ ദുബൈ സെൻട്രൽ ജയിലിലെ ഏറ്റവും ദീർഘകാല തടവുകാരന്റെ മോചനത്തിന് ഇന്ത്യൻ കോൺസുലേറ്റും സന്നദ്ധപ്രവർത്തകരും ദുബൈ ഭരണാധികാരിയുടെയും മറ്റും കാരുണ്യത്തിനുവേണ്ടി ഇടപെട്ടുതുടങ്ങി.
അന്ന് ജയിലിൽ പോളിനെ സന്ദർശിച്ച കെ.വൈ.സി.സി എന്ന സംഘടന പ്രവർത്തകരോട് പോൾ അഭ്യർഥിച്ചത് ‘തന്നെ കൊന്നുതരാൻ ആവശ്യപ്പെടണം’ എന്നായിരുന്നു. 25 വർഷം കഴിഞ്ഞപ്പോൾ പോളിന് ഹൃദയാഘാതമുണ്ടാവുകയും ശസ്ത്രക്രിയക്ക് വിധേയമാവുകയും ചെയ്തു. തുടർന്ന് ആരോഗ്യവും ക്ഷയിച്ചു. അധികൃതരുടെ കാരുണ്യത്താൽ പോൾ ജോർജ് 27 വർഷത്തെ സംഭവബഹുലമായ ജയിൽജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.