പ്രഥമ എ.ഐ ലോക ചാമ്പ്യൻഷിപ് ജനുവരി 30 മുതല്‍
text_fieldsഅബൂദബി: വിവിധ മേഖലകളിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി വികസിപ്പിച്ച നിര്‍മിത ബുദ്ധി കണ്ടെത്തലുകള്‍ക്കായുള്ള പ്രഥമ എ.ഐ ലോക ചാമ്പ്യൻഷിപ് മത്സരം അടുത്ത വർഷം ജനുവരി 30ന് ആരംഭിക്കും. അബൂദബിയിൽ നടന്ന വാര്‍ഷിക നിക്ഷേപ കോൺഗ്രസിലാണ് (എ.ഐ.എം കോണ്‍ഗ്രസ്) പ്രഖ്യാപനം. ഫെബ്രുവരി രണ്ടുവരെ നാലു ദിവസങ്ങളിലായാണ് മത്സരം. 2025 ഏപ്രില്‍ 28ന് അഡ്നക് സെന്ററില്‍ നിര്‍മിത ബുദ്ധി രംഗത്തെ നിക്ഷേപകരും ബിസിനസുകാരും പങ്കെടുക്കുന്ന എ.ഐ.എം കോണ്‍ഗ്രസ് വേദിയിലാണ് ഗ്രാന്‍ഡ് ഫിനാലെ. ഫിനാന്‍സ്, അഗ്രികള്‍ചര്‍, ലോജിസ്റ്റിക്സ്, സ്പോര്‍ട്സ്, എജുക്കേഷന്‍, മീഡിയ, ഇ-കൊമേഴ്സ്, മാനുഫാക്ടറിങ്, കസ്റ്റമര്‍ സര്‍വിസ്, മാര്‍ക്കറ്റിങ് ആന്‍ഡ് സോഷ്യല്‍ മീഡിയ, റോബോട്ടിക്സ്, സൈബര്‍ സെക്യൂരിറ്റി, ഹെല്‍ത്ത് കെയര്‍, ഗെയിംസ് എന്നിങ്ങനെ 14 പ്രധാന വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ എ.ഐ ലോക ചാമ്പ്യൻഷിപ്പിന്റെ പ്രധാന വേദിയില്‍ നടക്കും.
അമേരിക്ക, യൂറോപ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള എ.ഐ വിദഗ്ധരാണ് ചാമ്പ്യൻഷിപ്പില്‍ മാറ്റുരക്കുക. എ.ഐ വിദഗ്ധരും ഗവേഷകരും വ്യവസായ രംഗത്തെ പ്രഫഷനലുകളും അടങ്ങുന്ന പാനലാണ് വിധിനിര്‍ണയം നടത്തുക. മത്സരത്തിനു പുറമേ മത്സരാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുകിട്ടുന്നതിനും ആശയ കൈമാറ്റത്തിനും പങ്കാളിത്തത്തിനും മറ്റുമായി ശില്പശാലകളും സെമിനാറുകളും നടത്തും. ഓരോ വിഭാഗത്തിലും ജേതാക്കളാവുന്നവര്‍ക്ക് വന്‍തുക സമ്മാനവും ഗവേഷണ ഗ്രാന്‍ഡും നല്‍കും. കൂടാതെ കമ്പനികളുമായി സഹകരിക്കുന്നതിനോ നിക്ഷേപം ലഭിക്കുന്നതിനോ ഉള്ള അവസരവും ചാമ്പ്യൻഷിപ് വേദിയില്‍ തുറക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.