സ്കൂളുകളിൽ വീണ്ടും ഫസ്റ്റ്ബെൽ
text_fieldsദുബൈ: രണ്ടു മാസം നീണ്ട വേനൽ അവധിക്കുശേഷം യു.എ.ഇയിലെ വിദ്യാലയങ്ങളിൽ തിങ്കളാഴ്ച വീണ്ടും ഫസ്റ്റ് ബെൽ മുഴങ്ങുകയാണ്. വിദ്യാർഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ സ്കൂളുകൾ പൂർത്തീകരിച്ചു കഴിഞ്ഞു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കുട്ടികളുടെ സുരക്ഷക്കായുള്ള ക്രമീകരണങ്ങളും മാർഗ നിർദേശങ്ങളും യു.എ.ഇ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടികളെ ആദ്യ ദിനം സ്കൂളിലെത്തിക്കുന്നതിന് ജീവനക്കാരായ രക്ഷിതാക്കൾക്ക് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ജോലി സമയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. കുട്ടികളെ സുരക്ഷിതമായി സ്കൂളിലും തിരികെ ഭവനങ്ങളിലും എത്തിക്കുന്നതിൽ സ്കൂൾ ബസുകളുടെ പങ്ക് നിർണായകമാണ്. അപകടങ്ങളില്ലാതെ കുട്ടികളെ സുരക്ഷിതമാക്കുന്നതിന് സ്കൂൾ ബസുകൾക്ക് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് വിദ്യാഭ്യാസ, ഗതാഗത മന്ത്രാലങ്ങൾ. രക്ഷിതാക്കൾ, വിദ്യാർഥികൾ, അറ്റൻഡർമാർ, സ്കൂൾ അധികാരികൾ എന്നിവർ പാലിക്കേണ്ട മുൻകരുതലുകളാണ് മാർഗ നിർദേശങ്ങളിൽ പ്രധാനം.
വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കാൻ
- നിശ്ചയിച്ച ബസ്സ്റ്റോപ്പുകളിൽ കുട്ടികൾ കൃത്യ സമയത്ത് ബസിറങ്ങുന്നുവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം
- കുട്ടികൾ വൈകുകയോ ഹാജരാവാതിരിക്കുകയോ ചെയ്താൽ അക്കാര്യം രക്ഷിതാക്കൾക്ക് അറ്റൻഡർമാരെ അറിയിക്കണം
- കുട്ടികൾ അവർക്ക് അനുവദിച്ച ബസുകളിൽ മാത്രം കയറണം
- ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ക്യൂ പാലിക്കണം
- സ്കൂൾ ബസുകളിൽ കുട്ടികൾ രക്ഷിതാക്കളേയോ പുറത്തു നിന്നുള്ളവരെയോ കൊണ്ടുവരരുത്
- ഡ്രൈവർമാർ, അറ്റൻഡർമാർ എന്നിവരുടെ നിർദേശം കുട്ടികൾ പാലിക്കണം
- യാത്ര ചെയ്യുന്ന സമയങ്ങളിൽ കുട്ടികൾ അനുവദിച്ച സീറ്റുകളിൽ തന്നെ ഇരിക്കണം.
- ബസിനകത്ത് കുട്ടികൾ ഭക്ഷണം കഴിക്കുകേയാ വെള്ളം കുടിക്കുകയോ ചെയ്യരുത്
- ബസിൽ നിന്ന് കൈയും തലയും പുറത്തിടരുത്
ഡ്രൈവർമാർ
- യൂനിഫോം ധരിക്കണം, ബസിൽ സീറ്റ് ബെൽറ്റ് ധരിക്കണം
- ഇംഗ്ലീഷ്, അറബിക് ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയണം
- കുട്ടികളെ നിശ്ചയിച്ച ബസ് സ്റ്റോപ്പുകളിൽനിന്ന് മാത്രം കയറ്റുകയും ഇറക്കുകയും ചെയ്യുക
- ബസുകളിൽ അനുദിച്ചതിൽ കൂടുതൽ ആളെ കയറ്റരുത്
- 80 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനമോടിക്കരുത്
- ബസിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കണം
- മദ്യപിച്ച് വാഹനമോടിക്കരുത്
- ബസിനകത്ത് പുകവലിക്കരുത്
സ്കൂളുകൾക്കുള്ള നിർദേശങ്ങൾ
- എല്ലാ സ്കൂൾ ബസുകളും മഞ്ഞ നിറത്തിലായിരിക്കണം, ഇംഗ്ലീഷിലും അറബിയിലും സ്കൂൾ ബസ് എന്ന് ആലേഖനം ചെയ്തിരിക്കണം
- ബസിനകത്ത് കുട്ടികളെ നിരീക്ഷിക്കുന്നതിനായി അറ്റൻഡർമാരെ നിയോഗിക്കണം
- ബസിനകത്ത് ശീതീകരണ സംവിധാനങ്ങൾ ശരിയാംവിധം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം
- എല്ലാ ബസുകളിലും ജി.പി.എസ് ഘടിപ്പിക്കണം
- സി.സി.ടി കാമറ ഉപയോഗിച്ച് ബസുകളുടെ നീക്കം നിരീക്ഷിക്കണം
- ബസുകൾ വൃത്തിയായി സൂക്ഷിക്കുക
- ബസിന്റെ ജനലുകളിൽ തടസ്സങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം
- ബസുകളിൽ എമർജൻസി എക്സിറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം
- 10 മീറ്റർ നീളമുള്ള ബസുകളിൽ ഒരു അഗ്നിശമന ഉപകരണവും 10 മീറ്ററിൽ അധികം നീളമുള്ള ബസുകളിൽ രണ്ട് അഗ്നിശമന ഉപകരണവും ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.