ആദ്യ ദിനത്തിൽ സ്കൂൾ കുട്ടികൾക്ക് പ്രസിഡന്റിന്റെ ആശംസ സന്ദേശം
text_fieldsദുബൈ: പുതിയ അധ്യയന വർഷത്തിലെ ആദ്യ ദിനത്തിൽ വിദ്യാർഥികൾക്ക് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പ്രത്യേക ആശംസ സന്ദേശം. തിങ്കളാഴ്ച രാവിലെ രാജ്യത്തെ പൊതു, സ്വകാര്യ സ്കൂളുകളിലെല്ലാം രണ്ടര മിനിറ്റ് നീണ്ട ശബ്ദ സന്ദേശം കേൾപ്പിച്ചു.
കുട്ടികൾക്ക് വിജയകരമായ അധ്യയന വർഷം ആശംസിച്ച അദ്ദേഹം, നിങ്ങളാണ് രാജ്യത്തിന്റെ ഭാവിയെന്നും ഏറ്റവും മികച്ച മാതൃകകളാവണമെന്നും ഓർമിപ്പിച്ചു. യു.എ.ഇയിലെ വിദ്യാഭ്യാസ രംഗത്തെ വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിങ്ങനെ എല്ലാവരെയും അധ്യയന വർഷാരംഭത്തിൽ അഭിനന്ദിക്കുകയാണ്.
അധ്യാപകരെയും മാതാപിതാക്കളെയും ബഹുമാനിച്ചു കൊണ്ട്, വിദ്യാർഥികളെന്ന നിലയിൽ നിങ്ങളെല്ലാവരും സ്കൂളുകളിലും വീടുകളിലും നല്ല മാതൃകകളാകണം. നിങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. വർത്തമാനത്തിലും ഭാവിയിലും യു.എ.ഇയുടെ വികസന യാത്രയുടെ അനിവാര്യ ഘടകമാണ് വിദ്യാഭ്യാസം -അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ പ്രാധാന്യം സംബന്ധിച്ചും ദേശീയ മൂല്യങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ചും അദ്ദേഹം സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.
വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സാധിക്കുന്ന ശക്തമായ ഉപകരണങ്ങളായി സാങ്കേതികവിദ്യയും നിർമിത ബുദ്ധിയും മാറിയിരിക്കുന്നു. എന്നാൽ, ഈ ഉപകരണങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും അവ നൽകുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് നിർണായകമാണ്. ഇക്കാര്യത്തിൽ, കുടുംബങ്ങളും സ്കൂളുകളും തമ്മിലുള്ള സഹകരണം പ്രധാനമാണെന്ന് അടിവരയിടാൻ ഞാൻ ആഗ്രഹിക്കുന്നു. മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള ഏകോപനം നമ്മുടെ കുട്ടികളുടെ വിജയത്തിന് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ സഹായിക്കും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.