ആദ്യ ഹത്ത ഫെസ്റ്റിവലിന് തുടക്കം
text_fieldsദുബൈ: എമിറേറ്റിന്റെ മലയോര പ്രദേശമായ ഹത്തയിലേക്ക് ശൈത്യകാലത്ത് എത്തുന്ന സഞ്ചാരികൾക്കായി പ്രത്യേക ഫെസ്റ്റിവൽ. ഹത്ത ഫെസ്റ്റിവൽ എന്നു പേരിട്ട പരിപാടി വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ഈ മാസം 31 വരെ നീളുന്ന വിവിധ പരിപാടികളാണ് കാമ്പയിനിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ദുബൈയിലെ വിനോദസഞ്ചാര മേഖലകളെ പരിചയപ്പെടുത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് ഫെസ്റ്റിവലും രൂപപ്പെടുത്തിയത്.
പുതുതായി പ്രദേശത്ത് വികസിപ്പിച്ച ലീം ലേക്, ഹത്ത വാദി ഹബ് എന്നിവിടങ്ങളിലായാണ് ഫെസ്റ്റിവൽ പരിപാടികൾ ഒരുക്കിയത്. കുടുംബങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന നിരവധി പരിപാടികൾ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. എല്ലാവർക്കും സൗജന്യമായി പങ്കെടുക്കാവുന്ന ഫെസ്റ്റിവൽ തിങ്കൾ മുതൽ വെള്ളിവരെ വൈകീട്ട് മൂന്നു മുതൽ ഒമ്പതു വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ പത്തു മുതൽ വൈകീട്ട് പത്തു വരെയുമാണ്.
ഹത്തയിൽ സാധാരണ നടന്നുവരുന്ന വിവിധ വിനോദ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഫെസ്റ്റിവലിന് എത്തുന്നവർക്ക് സാധിക്കും. ബൈക്കിങ്, ഹൈക്കിങ്, കയാക്കിങ് എന്നിവക്കായാണ് വിനോദ സഞ്ചാരികൾ ഇവിടെ കൂടുതലായെത്തുന്നത്. ഫെസ്റ്റിവൽ സമയത്ത് കൂടുതൽ പരിപാടികൾ ഒരുക്കി വിവിധ എമിറേറ്റുകളിൽനിന്നും വിദേശത്തുനിന്നുമുള്ള സന്ദർശകരെ ആകർഷിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
വിനോദ പരിപാടികൾക്കായി പ്രത്യേക വേദി ഒരുക്കിയിട്ടുണ്ട്. മികച്ച ഫോട്ടോക്ക് അവാർഡ് നൽകുന്നതിന് ബ്രാൻഡ് ദുബൈ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 30ന് ക്ലാസിക് കാറുകളുടെ പരേഡും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദേശിക ബ്രാൻഡുകളുടെ ഫുഡ് ട്രക്കുകൾ സംവിധാനിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ശൈത്യകാല വിനോദകേന്ദ്രമായി ദുബൈയെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹത്തയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നത്. ഹത്തയിലെ ടൂറിസം വികസനത്തിൽ കുതിപ്പ് അടയാളപ്പെടുത്തിയേക്കാവുന്ന വൻകിട പദ്ധതികൾ നിർമാണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.