ദുബൈ ചാപ്റ്ററിന്റെ ആദ്യ ‘കുട്ടിമലയാളം’ ക്ലബ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ
text_fieldsദുബൈ: പ്രവാസി മലയാളികൾക്കിടയിലേക്ക് മാതൃഭാഷ അതിശക്തമായി തിരിച്ചുവരാൻ മലയാളം മിഷൻ കാരണമാകുന്നുവെന്ന് മലയാളം മിഷൻ രജിസ്ട്രാറും കവിയും അധ്യാപകനുമായ വിനോദ് വൈശാഖി. മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്റെ ആദ്യ ‘കുട്ടിമലയാളം’ ക്ലബ്, ദുബൈ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ ഡയറക്ടർ ഡോ. സലിം ജമാലുദ്ധീൻ, പ്രിൻസിപ്പൽ ഡോ. ഷറഫുദ്ധീൻ താനിക്കാട്ട്, ലോക കേരളസഭ ക്ഷണിതാവ് രാജൻ മാഹി എന്നിവർ മുഖ്യാതിഥികളായി.
സ്റ്റുഡന്റ് കോഓഡിനേറ്റർ ക്രിസ്റ്റി ബോബിക്ക് കണിക്കൊന്ന പാഠപുസ്തകം കൈമാറിയാണ് വിദ്യാർഥികളെ മലയാള പരിചയത്തിന്റെ പുതിയ പാതയിലേക്ക് രജിസ്ട്രാർ ആനയിച്ചത്. ദേവനാരായണൻ ആലപിച്ച കവിത, വിദ്യാർഥികൾ അവതരിപ്പിച്ച കേരളനടനം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.
മലയാളം മിഷൻ ആഗോളതലത്തിൽ നടപ്പാക്കിവരുന്ന പുതിയ പദ്ധതികളിൽ ഒന്നായ ‘കുട്ടി മലയാളം’, പ്രവാസി ഇന്ത്യൻ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ഭാഷാപ്രവർത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്. നിലവിൽ, വിവിധ പ്രവാസി മലയാളി കൂട്ടായ്മകളും സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചു വരുന്ന മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്കുകൂടി ഭാഷാ പഠനത്തിനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഈ അധ്യയനവർഷത്തിൽതന്നെ ദുബൈയിലെ കൂടുതൽ സ്കൂളുകളിലേക്ക് ‘കുട്ടി മലയാളം’ ക്ലബുകൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദുബൈ ചാപ്റ്റർ ഭാരവാഹികൾ വ്യക്തമാക്കി. ദുബൈ ചാപ്റ്റർ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സോണിയ ഷിനോയ് പുൽപ്പാട്ട് അധ്യക്ഷയായി. മലയാളം മിഷൻ ഭാഷാധ്യാപകൻ ടി. സതീഷ് കുമാർ, ചാപ്റ്റർ ചെയർമാൻ ദിലീപ് സി.എൻ.എൻ, കൺവീനർ ഫിറോസിയ ദിലിഫ് റഹ്മാൻ, ക്രസന്റ് സ്കൂൾ ഹെഡ് ഓഫ് പാസ്റ്ററൽ കെയർ സിന്ധു കോറാട്ട് എന്നിവർ ആശംസകൾ നേർന്നു. ടീച്ചർ കോഓഡിനേറ്റർ ജിജോ തോമസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.