അൽ സാഫ് പാർപ്പിട സമുച്ചയം ഒന്നാംഘട്ടം നാടിന് സമർപ്പിച്ചു
text_fieldsഷാർജ: കൽബയിൽ നിർമിച്ച അൽ സാഫ് പാർപ്പിട സമുച്ചയത്തിന്റെ ഒന്നാം ഘട്ടം നാടിന് സമർപ്പിച്ചു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് വീടുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
സ്വദേശി കുടുംബങ്ങൾക്ക് മതിയായതും സുരക്ഷിതവുമായ പാർപ്പിടം നൽകുക എന്ന ഷാർജ ഭരണാധികാരിയുടെ പ്രധാന പദ്ധതിയുടെ ഭാഗമായാണ് ഭവനങ്ങൾ നിർമിച്ചത്. 12.2 കോടി ദിർഹം ചെലവിൽ 4,17,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ളതാണ് പാർപ്പിട സമുച്ചയം. വിവിധ സൗകര്യങ്ങളോട് കൂടിയുള്ള 151 വീടുകളാണ് ഒന്നാം ഘട്ടത്തിൽ നാടിന് സമർപ്പിച്ചത്.ഇസ്ലാമിക നിർമാണ ശൈലി, പ്രാദേശിക രീതി, ആധുനിക രീതി എന്നിങ്ങനെ മൂന്നു മാതൃകകളിലാണ് വീടുകൾ നിർമിച്ചിരിക്കുന്നത്.
ഓരോ വീടും 322 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അഞ്ചു മുറികൾ ഉൾപ്പെടുന്നതാണ്. പൊതു പാർക്കുകൾ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവയും പുതിയ കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമുച്ചയത്തിന്റെ ആദ്യ ഘട്ടം 18 മാസമെടുത്താണ് പൂർത്തീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ടം അടുത്ത വർഷം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകും. എമിറേറ്റിലെ ജനസംഖ്യയിൽ വർധന രേഖപ്പെടുത്തുന്നതിനിടയിലാണ് സ്വദേശികളെ പിന്തുണക്കുന്നതിനായി ഭവനനിർമാണ പദ്ധതികൾക്ക് ഷാർജ ഭരണാധികാരി തുടക്കമിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മേയിൽ പുറത്തുവിട്ട സെൻസസ് പ്രകാരം ഷാർജയിലെ ജനസംഖ്യയിൽ 22 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 2015ൽ 14 ലക്ഷമായിരുന്ന ജനസംഖ്യ 18 ലക്ഷമായി വർധിച്ചതായാണ് കണക്ക്. ജൂണിൽ ഭവനപദ്ധതിയിൽ അപേക്ഷിക്കാവുന്നവരുടെ എണ്ണം 50 ശതമാനം വർധിപ്പിച്ചിരുന്നു. പ്രതിവർഷം 500 കുടുംബങ്ങൾക്ക് ഇതുവഴി വീടുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. നേരത്തേ പ്രതിവർഷം 1000 അപേക്ഷയാണ് സ്വീകരിച്ചിരുന്നത്. ഇത് 1500 ആയി വർധിക്കും. 2012ൽ ആരംഭിച്ച ഭവനപദ്ധതിയിൽ ഇതുവരെ 890 കോടി ദിർഹം ചെലവിട്ടുകഴിഞ്ഞു. 10,879 കുടുംബങ്ങൾക്ക് ഇതുവരെ ഭവനപദ്ധതിയിൽ വീടുകൾ ലഭ്യമാക്കിയതായും ഷാർജ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.