മത്സ്യബന്ധനം അബൂദബിയില്‍ പുതിയ നിയമം പുറത്തിറക്കി
text_fieldsഅബൂദബി: എമിറേറ്റിലെ ജലാശയങ്ങളില്‍ വിനോദത്തിനോ മത്സരത്തിനോ ആയി മത്സ്യബന്ധനം നടത്തുന്നതിന് അബൂദബി പുതിയ നിയമം പുറത്തിറക്കി. ലൈസന്‍സുണ്ടെങ്കിലും പുതിയ നിയമപ്രകാരം അബൂദബി പരിസ്ഥിതി ഏജന്‍സി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ കൂടി ഇത്തരം മീന്‍പിടിത്തക്കാര്‍ പാലിക്കേണ്ടിവരും. ‘താം’ സര്‍ക്കാര്‍ സേവന പോര്‍ട്ടലില്‍നിന്നാണ് മത്സ്യബന്ധന ലൈസന്‍സ് എടുക്കേണ്ടത്. ഒരാഴ്ചത്തെ ലൈസന്‍സിന് 30 ദിര്‍ഹവും ഒരു വര്‍ഷത്തേക്ക് 120 ദിര്‍ഹവുമാണ് ഫീസ്. അപേക്ഷകര്‍ക്ക് 18നു മുകളില്‍ പ്രായമുണ്ടായിരിക്കണം. മത്സ്യബന്ധനത്തിനു പോകുന്ന ലൈസന്‍സുള്ള മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്ക് പോകാം. വിനോദ മീന്‍പിടിത്തത്തില്‍ ചൂണ്ടയും നൂലും, സ്പിയര്‍ ഗണ്‍, അല്ലെങ്കില്‍ ഏജന്‍സി നിഷ്കര്‍ഷിച്ചിട്ടുള്ള മറ്റേതെങ്കിലും രീതികളുമാണ് ഉള്‍പ്പെടുക.
സ്പിയര്‍ ഫിഷിങ് (മൂര്‍ച്ചയേറിയ ഉപകരണം ഉപയോഗിച്ചുള്ള മീന്‍പിടിത്തം) ചെയ്യുമ്പോള്‍ അന്താരാഷ്ട്ര അംഗീകാരമുള്ള ഡൈവിങ് ഫ്ലാഗ് (ആല്‍ഫ വെള്ളയും നീലയും) പ്രദര്‍ശിപ്പിക്കണം. വള്ളത്തില്‍ ഒരു ഡ്രൈവറും ലൈസന്‍സുള്ള രണ്ടു പേരും ഉണ്ടാവണം. അബൂദബിയില്‍ സമുദ്ര മീന്‍പിടിത്ത മത്സരത്തിന് സംഘാടകര്‍ ഏജന്‍സിയില്‍നിന്ന് അനുമതി വാങ്ങണം. പെര്‍മിറ്റ് എടുക്കുന്ന ആള്‍ക്കായിരിക്കും ഏജന്‍സി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെയും ആവശ്യമായ ഉപകരണങ്ങള്‍ നല്കുന്നതിന്റെയും ഉത്തരവാദിത്തം. മത്സരം നടത്തുന്ന പ്രദേശം, തീയതി, സമയം മുതലായവ അപേക്ഷകര്‍ വ്യക്തമാക്കിയിരിക്കണം. പിടിക്കാനുദ്ദേശിക്കുന്ന മത്സ്യങ്ങളുടെ ഇനം, വലുപ്പം, അളവ്, മീന്‍പിടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുതലായവയും വ്യക്തമാക്കേണ്ടതുണ്ട്. പിടിക്കുന്ന മത്സ്യത്തിനെ എന്തുചെയ്യുമെന്നും വിശദമാക്കണം.
മീന്‍പിടിത്തത്തിനുശേഷം പിടിച്ച മത്സ്യ ഇനങ്ങളും അവയുടെ അളവും ഏജന്‍സിക്ക് റിപ്പോര്‍ട്ടായി നല്‍കണം. മത്സരത്തില്‍ പിടിക്കുന്ന മീനുകളെയും സമുദ്ര ജീവികളെയും കരക്കെത്തിക്കണമെന്നും ഇവ വില്‍ക്കാനോ ട്രോഫി ആയി സൂക്ഷിക്കാനോ പാടില്ലെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. 24 ഇനം മത്സ്യങ്ങളെ മാത്രമേ ഒരു ദിവസം ഒരാള്‍ പിടിക്കാവൂ. സ്രാവ്, കടലാമകള്‍, തിമിംഗലം, ഡോള്‍ഫിന്‍, തിരണ്ടികള്‍, കടൽക്കുതിര മീന്‍, റെഡ് കോറല്‍, യെല്ലോ ഗ്രൂപ്പര്‍, പെയിന്റഡ് സ്വീറ്റ്ലിപ്സ്, പവിഴപ്പുറ്റുകള്‍ തുടങ്ങിയവയെ പിടിക്കുന്നതിന് നിരോധനമുണ്ട്. ഇവ വില്‍ക്കുന്നതും സൂക്ഷിക്കുന്നതും നശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.