സാഹസിക യാത്രികർ നടുക്കടലിൽ കുടുങ്ങി; രക്ഷകരായി മത്സ്യത്തൊഴിലാളികൾ
text_fieldsദുബൈ: കെനിയയിൽനിന്ന് ദുബൈയിലേക്ക് വരുന്നതിനിടെ നടുക്കടലിൽ കുടുങ്ങിയ ദമ്പതികളടക്കം നാലു ദുബൈ താമസക്കാർക്ക് രക്ഷകരായി യമനി മത്സ്യത്തൊഴിലാളികൾ. 5370 കി.മീറ്റർ ദൈർഘ്യമുള്ള വഴി താണ്ടാൻ ബോട്ടിൽ 25 ദിവസത്തെ യാത്രക്ക് പുറപ്പെട്ടവരാണ് നടുക്കടലിൽ അപകടത്തിൽപെട്ടത്. ജിത്രു ഫ്രിഗ്ഗൻസ് എന്ന സെയിലിങ് പരിശീലകനും ഭാര്യ ഡേസി കലിസുറയും സുഹൃത്തുക്കളായ ഇവാൻ, കരോലിൻ എന്നിവരോടൊപ്പമാണ് 12 മീറ്റർ നീളമുള്ള ബോട്ടിൽ കെനിയയിൽനിന്ന് പുറപ്പെട്ടത്.
ആദ്യ ദിവസങ്ങളിൽ അപകടമൊന്നുമില്ലാതെ യാത്ര ചെയ്ത ഇവരുടെ ബോട്ടിന്റെ സ്റ്റിയറിങ് വീൽ 12ാം ദിവസം പൊട്ടിപ്പോവുകയായിരുന്നു. ഇതോടെ ബോട്ടിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടു. ഈ സമയത്ത് കടൽക്കൊള്ളക്കാരുടെ കേന്ദ്രമായി അറിയപ്പെടുന്ന യമന്റെ തെക്കുഭാഗത്തുകൂടിയായിരുന്നു ഇവരുടെ സഞ്ചാരം. യമനിലെ സൊകോത്ര ദ്വീപിൽ ഇവർ അൽപനേരം ഇറങ്ങാൻ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ, ഇവിടെയെത്തുന്നതിനു മുമ്പാണ് അപകടമുണ്ടായത്. പ്രക്ഷുബ്ധമായ കടലിൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ നാലുപേരും ദുബൈയിലെ സുഹൃത്തുക്കളുമായും മറ്റും ബന്ധപ്പെടുകയായിരുന്നു. ഒരുഘട്ടത്തിൽ സൊകോത്ര ദ്വീപ് ദൂരെനിന്ന് കാണാനായെങ്കിലും കനത്ത തിരമാലകൾ കരയിൽനിന്ന് ഏറെ ദൂരത്തേക്ക് ബോട്ടിനെ നീക്കിയെന്ന് ഇവർ പറയുന്നു.
സാറ്റലൈറ്റ് ഫോൺ വഴി ബ്രിട്ടീഷ് കോസ്റ്റ് ഗാർഡിനെ ബന്ധപ്പെട്ടെങ്കിലും രക്ഷാപ്രവർത്തനത്തിന് പരിമിതികളുണ്ടായിരുന്നു. ഇതിനിടെ, ദുബൈയിലെ സുഹൃത്തുക്കൾ വിവരമറിഞ്ഞ് സൊകോത്രയിലെ ചിലരെ അറിയിക്കുകയായിരുന്നു. ഇവർ വഴിയാണ് ഇവിടെയുള്ള മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പുറപ്പെടുന്നത്. മരത്തിൽ നിർമിച്ച വലിയ ബോട്ടിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒമ്പതു മണിക്കൂർ കടലിൽ തിരച്ചിൽ നടത്തിയ ശേഷമാണ് അപകടത്തിൽപെട്ട ബോട്ട് കണ്ടെത്തിയത്. പിന്നീട് 92 കി.മീറ്റർ ദൂരം താണ്ടിയാണ് ഇവരെയും ബോട്ടും കരക്കെത്തിച്ചത്. ഒരു കളിപ്പാട്ടം പോലെ കടലിൽ ഒഴുകിനടന്ന ബോട്ടിനെ രക്ഷിക്കാൻ മത്സ്യത്തൊഴിലാളികൾ എത്തിയത് അവിശ്വസനീയ അനുഭവമാണെന്ന് ജിത്രു പിന്നീട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.