മരണവലയായി തെണ്ടാടി; അബൂദബിയിൽ ആറ് കടൽപ്പശുക്കൾ ചത്തു
text_fieldsഅബൂദബി: തെണ്ടാടി വലകളിൽ കുടുങ്ങി അബൂദബിയിലെ കടലിൽ ആറ് കടൽപ്പശുക്കൾ ചത്തു. കടലിൽ അൽ സിലയിൽനിന്ന് ഗന്തൂത്തിലേക്ക് ഒഴുകുന്നതിനിടെയാണ് ഇവയുടെ ജഡം കണ്ടെത്തിയത്. അനധികൃത മീൻപിടിത്തമാണ് ഇതിന് കാരണമെന്നും സംരക്ഷിത ജീവിവർഗമായ കടൽപ്പശുക്കൾ വംശനാശ ഭീഷണി നേരിടുകയാണെന്നും പരിസ്ഥിതി വിദഗ്ധർ വ്യക്തമാക്കുന്നു. തെണ്ടാടികളിലോ ഉപേക്ഷിക്കപ്പെടുന്ന മറ്റു വലകളിലോ കുടുങ്ങിയാണ് ഇവയുടെ ജീവൻ നഷ്ടപ്പെടുന്നത്.
ആറ് ജഡം കൂടി കണ്ടെടുത്തതോടെ ഇൗ വർഷം ചാകുന്ന കടൽപ്പശുക്കളുടെ എണ്ണം 20 ആയി. കഴിഞ്ഞ വർഷം സമാന കാലയളവിൽ ചത്ത കടൽപ്പശുക്കളുടെ എണ്ണം 15 ആയിരുന്നു. തെണ്ടാടികളുെട ഉപയോഗം ഫെഡറൽ നിയമ പ്രകാരം നിരോധിച്ചിട്ടുണ്ടെന്നും നിയമലംഘകർ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും അബൂദബി പരിസ്ഥിതി ഏജൻസി (ഇൗദ്) മുന്നറിയിപ്പ് നൽകി.
ദശലക്ഷക്കണക്കിനുള്ള ജലജീവികളിൽ നിരവധി മാംസഭുക്കുകളും മിശ്രഭുക്കുകളുമുണ്ട്. എന്നാൽ, വെള്ളത്തിൽ കഴിയുന്ന ജീവികളിലെ ഏക സസ്യഭുക്കാണ് കടൽപ്പശു. വെള്ളത്തിനടിയിൽ ശ്വസിക്കാൻ കഴിയില്ല എന്നതാണ് ഇവയുടെ വലിയ പ്രത്യേകത. എങ്കിലും കടൽ വിട്ട് എങ്ങോട്ടും പോകില്ല. ജീവവായുവിന് വേണ്ടി ഏതാനും മിനിറ്റുകൾ ഇടവിട്ട് ജലോപരിതലത്തിലേക്ക് ഉയർന്നുവന്ന് ശ്വാസമെടുത്ത് വീണ്ടും വെള്ളത്തിലേക്ക് മുങ്ങാംകുഴിയിടുകയാണ് ഇവയുടെ പതിവ്. വെള്ളത്തിലേക്ക് അതിവേഗം ഉൗളിയിടുേമ്പാഴാണ് ഇവ ഉപേക്ഷിക്കപ്പെട്ട വലകളിലും തെണ്ടാടികളിലും കുടുങ്ങുന്നത്. മോശം കാലാവസ്ഥയിൽ കാഴ്ച വളരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതലും ഇങ്ങനെ സംഭവിക്കുന്നത്്. കടൽപ്പശുക്കളുടെ എണ്ണത്തിൽ അബുദബിക്ക് ലോകത്ത് രണ്ടാം സ്ഥാനമുണ്ട്. എമിറേറിലെ മറാവ സമുദ്ര ജൈവസംരക്ഷണ മേഖലയിൽ മാത്രം ഏകദേശം 3000 കടൽപ്പശുക്കളുണ്ട്. അറേബ്യൻ ഉൾക്കടലിലും ചെങ്കടലിലും കൂടി 7000ത്തോളം കടൽപ്പശുക്കളാണുള്ളത്.
1999 മുതൽ യു.എ.ഇ നിയമപ്രകാരം ഇവ സംരംക്ഷിത ജീവിവർഗമാണ്. ആ വർഷം മുതൽ അബൂദബി പരിസ്ഥിതി ഏജൻസി അബൂദബി കടലിലെ കടൽപ്പശുക്കളുടെ ജീവതം പഠനവിഷയമാക്കുന്നുണ്ട്. പഠനപദ്ധതി തുടങ്ങിയ ശേഷം 165ഒാളം കടൽപ്പശുക്കൾ ചത്തതായാണ് കണക്ക്. ഇവയിൽ ഭൂരിഭാഗവും വലകളിൽ കുടുങ്ങി ശ്വാസംമുട്ടിയാണ് ചത്തത്. ആവാസ വ്യവസ്ഥ ഇല്ലാതാകൽ, സമുദ്ര മലിനീകരണം, ബോട്ടുകളുടെ കൂട്ടിയിടി എന്നിവയാണ് മറ്റു കാരണങ്ങൾ.
തദ്ദേശീയ^ഫെഡറൽ നിയമങ്ങൾക്ക് അനുസരിച്ച് ശ്രദ്ധയോടും ഉത്തരവാദിത്വത്തോടും കൂടി മീൻപിടിത്തക്കാർ വല ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നതായി ഇൗദിലെ കര^ജല ജൈവവൈവിധ്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ശൈഖ സാലിം ആൽ ദാഹിരി പറഞ്ഞു.നിയമലംഘകർക്ക് ആദ്യ തവണ 50000 ദിർഹം വരെ പിഴയും മൂന്ന് മാസത്തിൽ കുറയാതെ തടവും ശിക്ഷ ലഭിക്കും. രണ്ടാമതും കുറ്റം ചെയ്താൽ ലക്ഷം ദിർഹം പിഴയും ഒരു വർഷത്തിൽ കുറയാതെ തടവുമാണ് ശിക്ഷ. ഇൗ വർഷം 40ലധികം പേർക്ക് ഇൗദ് പിഴ വിധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.