ഫിറ്റ്നസ് ചാലഞ്ച്: പങ്കെടുത്തത് 16.5ലക്ഷം പേർ; നന്ദി പറഞ്ഞ് ശൈഖ് ഹംദാൻ
text_fieldsദുബൈ: ശനിയാഴ്ച അവസാനിച്ച ദുബൈ ഫിറ്റ്നസ് ചാലഞ്ചിെൻറ അഞ്ചാം എഡിഷനിൽ 16.5 ലക്ഷം പേർ ഭാഗമായി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മുൻകൈയുടുത്ത് നടപ്പിലാക്കിയ ചാലഞ്ചിെൻറ അവസാന പ്രധാന പരിപാടിയായ ദുബൈ റണ്ണിൽ 1.46ലക്ഷം പേർ പങ്കെടുത്തിരുന്നു.
ദുബൈയെ ലോകത്തെ ഏറ്റവും ആരോഗ്യകരമായ നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യവുമായാണ് ഒരു മാസം നീണ്ട ഫിറ്റ്നസ് ചാലഞ്ച് ആരംഭിച്ചത്.
കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ ഒതുങ്ങിയ ചാലഞ്ചിന് ഇത്തവണ വലിയ സ്വീകരണമാണ് എമിറേറ്റിലെ ജനങ്ങൾ നൽകിയത്. ഒക്ടോബർ 29ന് ആരംഭിച്ച് നവംബർ 27നാണ് ചാലഞ്ച് സമാപിച്ചത്. ഫിറ്റ്നസ് ചാലഞ്ചിെൻറ ഭാഗമായി നടന്ന ദുബൈ റണ്ണിൽ ശൈഖ് ഹംദാൻ നേരിട്ട് പങ്കെടുത്തിരുന്നു.
ഫിറ്റ്നസ് ചാലഞ്ചിൽ പങ്കാളികളായ മുഴുവനാളുകൾക്കും പിന്നിൽ പ്രവർത്തിച്ച സർക്കാർ, ബിസിനസ് കൂട്ടായ്മകൾക്കും ശൈഖ് ഹംദാൻ നന്ദിയറിയിച്ചു. ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ഏറ്റവുംമികച്ച സ്ഥലങ്ങളിലൊന്നാണ് ദുബൈയെന്ന് ലോകത്തെ കാണിക്കാൻ ചാലഞ്ചിലൂടെ സാധിച്ചു. ഈ മഹത്തായ നഗരം വാഗ്ദാനം ചെയ്യുന്നതെല്ലാം സ്വീകരിച്ചുകൊണ്ട് ഇവിടെ സജീവമായി തുടരാനും നിങ്ങളുടെ ഫിറ്റ്നസ് യാത്ര തുടരാനും എല്ലാവരോടും ആവശ്യപ്പെടുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ ചാലഞ്ചിൽ പങ്കാളിയായവരിൽ 33,000 സൈക്ലിസ്റ്റുകളും 1.46 ലക്ഷം ഓട്ടക്കാരും ഉൾകൊള്ളുന്നതായി ദുബൈ ഫെസ്റ്റിവൽ ആൻഡ് റീടെയ്ൽ എസ്റ്റാബ്ലിഷ്മെൻറ് സി.ഇ.ഒ അഹ്മദ് അൽ ഖാജ അറിയിച്ചു.
പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും വേണ്ടി ഒരു മാസം മുഴുവൻ സൗജന്യ ഫിറ്റ്നസ് ഇവൻറുകൾ സംഘടിപ്പിക്കുന്ന ലോകത്തിലെ ഏക സ്ഥലമാണ് ദുബൈയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയുടെ ആറാം എഡിഷൻ അടുത്ത വർഷം ഒക്ടോബർ 28മുതൽ നവംബർ 26വരെ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.