ഷാർജയെ ആലേഖനം ചെയ്യുന്ന അഞ്ചു ദിർഹം നോട്ട്
text_fieldsയു.എ.ഇയുടെ ഓരോ നോട്ടിലും വിവിധ എമിറേറ്റുകളുടെ സൗന്ദര്യം ലയിച്ച് ചിരിച്ച് കിടപ്പുണ്ട്. പ്രകൃതി സൗന്ദര്യത്തോടൊപ്പം നിർമാണ കലകളും കരകൗശലവും സാംസ്കാരിക ചിഹ്നങ്ങളുമാണ് കറൻസികൾക്ക് അഴക് വിരിക്കുന്നത്. നിലവിൽ രാജ്യത്ത് ഉപയോഗിച്ചു വരുന്ന ഏറ്റവും ചെറിയ നോട്ടായ അഞ്ചു ദിർഹത്തിന്റെ ഇരുപ്പുറത്തും അഴക് വിരിക്കുന്നത് ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്ന ഷാർജയുടെ പൗരാണിക നിർമാണ സൗന്ദര്യമാണ്. ഷാർജയുടെ തനത് നിർമാണ കലകളുടെ സൗരഭ്യം ഇതിൽ നിന്ന് ചിറകടിക്കുന്നതായി തോന്നും. നോട്ടിന്റെ മുൻവശത്ത് ഷാർജ റോളയിലെ സെൻട്രൽ സൂകും പിറക് വശത്ത് ഖോർഫക്കാൻ തീരത്തെ ഏറ്റവും പുരാതന പള്ളിയായ സാലിം അൽ മുത്തവയുടെ മിനാരവുമാണ്.
ഖോർഫക്കാൻ തീരവും കണ്ടൽ കാടുകളും മിനാരത്തെ ചേർന്ന് അടയാളപ്പെടുന്നുമുണ്ട്. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളിയുടെ നവീകരണങ്ങൾ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. പഴമക്ക് കോട്ടം തട്ടാതെ ചരിത്രത്തെ തനിമയോടെ സംരക്ഷിക്കുന്നത് ഇമാറാത്തി പാരമ്പര്യമാണ്. പ്രദേശത്തെ പ്രധാനപ്പെട്ട പള്ളിയായിരുന്നു സാലിം അൽ മുത്തവ. നമസ്കാരത്തോടൊപ്പം തന്നെ വിദ്യകൾ അഭ്യസിക്കുന്നതിനും ഇവിടെ സൗകര്യം ഉണ്ടായിരുന്നു. പ്രാദേശികമായി ലഭിച്ച വസ്തുക്കൾ ഉപയോഗപ്പെടുത്തിയാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. കാലാവസ്ഥകളോട് ഇണങ്ങി ചേരുന്ന പള്ളിയുടെ സീലിങ് ഈന്തപ്പനയുടെ തടിയും ഓലയും കൊണ്ടാണ്. അതു കൊണ്ടു തന്നെ ചൂടിന് നേരിട്ട് അകത്തേക്ക് കടന്നുവരാൻ ഇവയുടെ സമ്മതം കൂടിയേതീരു.
ചരിത്ര പ്രസിദ്ധമായ അടയാളപാറകൾ സ്ഥിതി ചെയ്യുന്ന ഖോർഫക്കാൻ കടലിനോട് ചേർന്നാണ് പള്ളിയുടെ സ്ഥാനം. ഇതിന് സമീപത്തായി പുരാതന കോട്ടയുടെ മതിലുകളും കാണാം. പറങ്കികൾ നിരവധി തവണ തമ്പടിച്ചിട്ടുണ്ട് ഇവിടെ. എന്നാൽ പരിസര വാസികളുടെ ചെറുത്ത് നിൽപ്പിനെ തുടർന്ന് തടിതപ്പുകയായിരുന്നു.
ഷാർജയുടെ തലസ്ഥാന നഗരിയായ റോളയോട് ചേർന്നാണ് സെൻട്രൽ സൂക്ക് പ്രവർത്തിക്കുന്നത്. പാരമ്പര്യ തനിമയോടെ നിൽക്കുന്ന ഈ കച്ചവട കേന്ദ്രം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്. 1971ൽ യു.എ.ഇ രൂപവത്കരിച്ചെങ്കിലും സ്വന്തം കറൻസിയായ ദിർഹം വരുന്നത് 1973 മെയ് 20നാണ്. രൂപയും ദിനാറും റിയാലും മരിയ തെരേസ വെള്ളി താലറും അതോടെ രാജ്യം വിട്ട് പോയി.
1973ലാണ് അഞ്ചു ദിർഹം നോട്ട് അവതരിപ്പിച്ചത്. 1980കളുടെ തുടക്കത്തിൽ ഒരു ദിർഹം നോട്ട് ഘട്ടംഘട്ടമായി പിൻവലിച്ചതോടെ ഏറ്റവും കുറഞ്ഞ മൂല്യമുള്ള പേപ്പർ കറൻസിയായി ഇതുമാറി. തുടക്കത്തിൽ ഫുജൈറയിലെ ബിത്ത്ന കോട്ടയായിരുന്നു അഞ്ചുദിർഹം നോട്ടിന്റെ ഒരു ഭാഗത്തുണ്ടായിരുന്നത്.മറുഭാഗം മരുഭൂമിയുടെ ഒട്ടകവുമായിരുന്നു.1982ലാണ് ഷാർജയുടെ സെൻട്രൽ സൂകും സാലിം മുത്തവ പള്ളിയും നോട്ടിലെത്തുന്നത്. കാഴ്ച്ച പ്രശ്നങ്ങളുള്ളവർക്കുകൂടി പ്രയോജനപ്പെടുന്ന വിധത്തിൽ കറൻസികൾ നവീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.