ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിൽ അഞ്ച് മേൽപാലങ്ങൾ
text_fieldsദുബൈ: നഗരത്തിലെ ഏറ്റവും പ്രധാന ജങ്ഷനുകളിൽ ഒന്നായ ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസനത്തിന് കരാർ നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അഞ്ച് പാലങ്ങൾ ഉൾപ്പെടുന്ന വികസന പ്രവൃത്തിക്ക് 69.6 കോടി ദിർഹമാണ് പ്രതീക്ഷിക്കുന്ന ചെലവ്.
പദ്ധതിയുടെ ഭാഗമായി ശൈഖ് സായിദ് റോഡിൽ നിന്ന് ദേര ഭാഗത്തേക്കുള്ള ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ രണ്ട് വരിയിലാണ് പാലം നിർമിക്കുക.
ഒരു കിലോമീറ്റർ നീളമുള്ള പാലത്തിലൂടെ മണിക്കൂറിൽ 3,000 വാഹനങ്ങൾക്ക് കടന്നുപോകാനാവും. ശൈഖ് റാശിദ് സ്ട്രീറ്റിനെയും സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്നതിനായി രണ്ട് വരിയുള്ള രണ്ട് പാലങ്ങളാണ് നിർമിക്കുന്നത്.
രണ്ട് കിലോമീറ്റർ നീളമുള്ള ഈ പാലങ്ങൾക്ക് മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാവും. കൂടാതെ, അൽ മുസ്തഖബാൽ സ്ട്രീറ്റിനെ സെക്കൻഡ് ഡിസംബർ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതിന് അൽ മജ്ലിസ് സ്ട്രീറ്റിൽ നിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റ് വരെ രണ്ട് കിലോമീറ്റർ നീളമുള്ള രണ്ട് പാലങ്ങളും നിർമിക്കും. രണ്ട് വരിയുള്ള ഈപാലങ്ങളിലൂടെ മണിക്കൂറിൽ 6,000 വാഹനങ്ങൾ കടന്നുപോകാനാവും.
വരുന്ന നവംബറിൽ കരാർ നൽകുന്ന അൽ മുസ്തഖബാത്ത് സ്ട്രീറ്റ് വികസനം ഉൾപ്പെടുന്ന പദ്ധതിയുടെ ഭാഗമാണ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസനമെന്ന് ആർ.ടി.എ എക്സിക്യുട്ടിവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് ജങ്ഷന്റെ ശേഷി ഇരട്ടിയാക്കുന്ന പദ്ധതി പൂർത്തിയാവുന്നതോടെ നിലവിൽ വാഹനങ്ങളുടെ കാലതാമസം 12 മിനിറ്റിൽ ഒന്നര മിനിറ്റായി കുറയും. അതോടെ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്ര സമയം ആറു മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി ചുരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ജൈടെക്സ്, അറബ് ഹെൽത്ത്, ഗൾഫുഡ് തുടങ്ങിയ ലോകോത്തര എക്സിബിഷനുകൾക്ക് വേദിയാകുന്ന ദുബൈ വേൾഡ് ട്രേഡ് സെന്റർ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് പദ്ധതി സഹായകമാവും.
കൂടാതെ മിഡിൽ ഈസ്റ്റ്, മെന എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഫിനാൻഷ്യൽ ഹബ്ബായി അറിയപ്പെടുന്ന ഡി.ഐ.എഫ്.സി, സഅബീൽ, അൽ സത്വ, കറാമ, ജാഫിലിയ, മങ്കൂൽ എന്നിവിടങ്ങളിലുള്ള നിവാസികളും സന്ദർശകരും ഉൾപ്പെടെ അഞ്ച് ലക്ഷത്തോളം പേർക്കും പദ്ധതി പ്രയോജനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.