അഞ്ച് സ്കൂളുകൾ കൂടി; ദുബൈയിൽ സ്കൂളുകളുടെ എണ്ണം 220 ആയി
text_fields-
ദുബൈ: സ്കൂൾ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിൽ ഒരുപടി കൂടി കടന്ന് ദുബൈ. 2023-24 അക്കാദമിക വർഷം അഞ്ച് സ്വകാര്യ സ്കൂളുകൾ കൂടി പ്രവർത്തനം തുടങ്ങി. ബ്രിട്ടീഷ്, ഇന്ത്യൻ പാഠ്യപദ്ധതികൾ വാഗ്ദാനം ചെയ്യുന്ന അഞ്ച് സ്കൂളുകളിലായി 12,000 സീറ്റുകളാണ് ലഭ്യമാകുന്നതെന്ന് ഹ്യൂമൺ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു വർഷത്തിനിടെ എമിറേറ്റിൽ 27 സ്വകാര്യ സ്കൂളുകൾക്കാണ് പ്രവർത്തനാനുമതി ലഭിച്ചത്. ഇതോടെ ദുബൈയിൽ ആകെ സ്കൂളുകളുടെ എണ്ണം 220 ആയി ഉയർന്നു. 220 സ്കൂളുകളിലായി ആകെ 3.26 ലക്ഷം കുട്ടികളാണ് ഈ അക്കാദമിക വർഷം പഠനം നടത്തുന്നത്. ദുബൈയിലെ വിദ്യാഭ്യാസ രംഗത്ത് അതിവേഗത്തിലുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്ന് കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ കറാം പറഞ്ഞു. വ്യത്യസ്ത രാജ്യങ്ങളെയും ഭാഷകളെയും പഠന രീതികളെയും പ്രതിനിധാനം ചെയ്യുന്ന 17 സ്വകാര്യ സ്കൂളുകൾ ദുബൈയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 36 ശതമാനം ബ്രിട്ടീഷ് പാഠ്യപദ്ധതിയും 25 ശതമാനം ഇന്ത്യൻ പാഠ്യപദ്ധതിയും 15 ശതമാനം യു.എ.സ് പാഠ്യപദ്ധതിയും 17 ശതമാനം അന്താരാഷ്ട്ര പാഠ്യപദ്ധതിയും (ഐ.ബി) വാഗ്ദാനം ചെയ്യുന്നതാണ്. ചൈനീസ്, ഫ്രഞ്ച്, ജാപ്പനീസ്, ആസ്ട്രേലിയൻ, സ്പാനിഷ്, ഫിലിപ്പിനോ എന്നീ ഭാഷകളിലും ക്ലാസുകൾ പ്രദാനം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.