അബൂദബിയിൽ അഞ്ചിടങ്ങളിൽകൂടി ഇ-സ്കൂട്ടർ വാടകക്ക്
text_fieldsഅബൂദബി: അബൂദബിയിൽ അഞ്ച് മേഖലകളിൽ ഇ സ്കൂട്ടര്‍ വാടകക്ക് ലഭിക്കുന്ന സേവനം വ്യാപിപ്പിച്ചു. അബൂദബി അല്‍റീം ഐലന്‍ഡ്, മസ്ദര്‍ സിറ്റി, യാസ് ഐലന്‍ഡ്, കോര്‍ണിഷ് ഏരിയ, ഖലീഫ സിറ്റി എന്നിങ്ങനെ അഞ്ച് മേഖലകളിലാണ് ഇ സ്കൂട്ടര്‍ സേവനങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഹംദാന്‍ സ്ട്രീറ്റ്, അല്‍ ഫലാഹ് സ്ട്രീറ്റ്, ഷഖബൂത് സ്ട്രീറ്റ്, അല്‍ റാഹ ബീച്ച് ഏരിയ എന്നിവിടങ്ങളില്‍ അടക്കം സര്‍വിസ് വിപുലീകരിക്കാനാണ് സംയോജിത ഗതാഗത കേന്ദ്രം പദ്ധതി. ടയര്‍, ഫീനിക്സ്, ലൈം ഓര് ബേര്‍ഡ് തുടങ്ങിയ ആപ്പുകളിലൂടെ സേവനം ഉപയോഗപ്പെടുത്താം. ഇ-സ്കൂട്ടര്‍ വാടകസേവനങ്ങളുടെ ഉപഭോക്തൃ സംതൃപ്തി അറിയുന്നതിനായി നേരത്തേ പ്രത്യേക സര്‍വേയും അതോറിറ്റി നടത്തിയിരുന്നു. ഇതിൽ 83 ശതമാനം പേരും സുരക്ഷ ഉപകരണങ്ങളെക്കുറിച്ചും നിര്‍ദിഷ്ട സ്കൂട്ടര്‍ പാര്‍ക്കിങ് ഇടങ്ങളെക്കുറിച്ചും ബോധവാന്മാരാണെന്ന മറുപടിയാണ് നല്‍കിയത്.
ഇ- ബൈക്ക് ഉപയോക്താക്കള്‍ നടത്തിയ 5380 നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിയതായി അബൂദബി പൊലീസും സംയോജിത ഗതാഗതകേന്ദ്രവും അറിയിച്ചു. എമിറേറ്റില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെ ആറായിരത്തിലേറെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ബൈസൈക്കിളുകള്‍, ഇ- ബൈക്ക്, സ്കൂട്ടറുകള് ഉപയോക്താക്കള്‍ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന് സംയോജിത ഗതാഗതകേന്ദ്രം ആവര്‍ത്തിച്ചു.
ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബ്രോഷറുകളും ലഘുലേഖകളും ഹെല്‍മറ്റുകളും വെളിച്ച ഉപകരണങ്ങളും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു. നിയമലംഘനം നടത്തുന്ന സൈക്കിള്‍, ഇ-സ്കൂട്ടര്‍ റൈഡര്‍മാര്‍ക്ക് 500 ദിർഹമാണ് പിഴ.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സൈക്കിളുകളിലും ഇ സ്കൂട്ടറുകളിലും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുക, നിര്‍ദിഷ്ട പാത ഉപയോഗിക്കാതിരിക്കുക, സുരക്ഷ ഉപകരണങ്ങള്‍ ധരിക്കാതിരിക്കുക, പിന്നില്‍ യാത്രികരെ വെക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പിഴ ചുമത്തുന്നത്. ഇ-സ്കൂട്ടറുകളില്‍ പാചകവാതക സിലിണ്ടറുകളും മറ്റു സാധനസാമഗ്രികളും കൊണ്ടുപോവുന്നതും സീറ്റ് ഘടിപ്പിക്കുന്നതും നിയമവിരുദ്ധവും അപകടകരവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.