അബൂദബിയിൽ കുറഞ്ഞ തുകക്ക് ഇന്‍ഷുറന്‍സ്; പ്രവാസികള്‍ക്ക് ഗുണകരം
text_fieldsഅബൂദബി:താമസക്കാര്‍ക്ക് കുറഞ്ഞ തുകക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ഫ്ലക്സിബിള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സൗകര്യവുമായി അബൂദബി. എമിറേറ്റില്‍ ജീവിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും പിന്തുണക്കുന്നതിനാണ് പുതിയ ഇന്‍ഷുറന്‍സ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. അബൂദബി ആരോഗ്യവകുപ്പും സാമ്പത്തിക വികസന വകുപ്പും സംയുക്തമായാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയത്. കുറഞ്ഞ തുകക്ക് ഇന്‍ഷുറന്‍സ് എടുക്കാനും ആവശ്യമെങ്കില്‍ ഇന്‍ഷുറന്‍സ് കവറേജ് അപ്ഗ്രേഡ് ചെയ്യാനും അവസരമൊരുക്കുന്നതാണ് പദ്ധതി.
വിവിധ കാറ്റഗറികളിലെ താമസക്കാര്‍ക്ക് പുതിയ രീതിയിലുള്ള ഇന്‍ഷുറന്‍സ് എടുക്കാവുന്നതാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് ദായകര്‍ അപേക്ഷകള്‍ പരിശോധിച്ചാണ് ഫ്ലക്സിബിള്‍ ഹെൽത്ത് ഇന്‍ഷുറന്‍സ് പോളിസിക്ക് അര്‍ഹരാണോയെന്ന് വിലയിരുത്തുക. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അബൂദബിയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കാണ് ഈ ഇന്‍ഷുറന്‍സ് പോളിസിക്ക് യോഗ്യത. ഇവരുടെ മാസവരുമാനം 5000 ദിര്‍ഹമില്‍ കൂടരുത്. നിക്ഷേപകര്‍, ഫ്രീ ബിസിനസ് ലൈസന്‍സുള്ളവര്‍, അവരുടെ കുടുംബം, അവരുടെ ജോലിക്കാര്‍ തുടങ്ങിയവരാണ് മറ്റ് അര്‍ഹതയുള്ള ആളുകള്‍.
ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടാത്ത പ്രവാസികളുടെ കുടുംബങ്ങള്‍ക്കും ഫ്ലക്സിബിള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ട്. വര്‍ഷത്തില്‍ 1,50,000 ദിര്‍ഹം വരെ ചികിത്സ ചെലവുകള്‍ ഫ്ലക്സിബിള്‍ ഇന്‍ഷുറന്‍സ് പാക്കേജില്‍ ലഭിക്കും. അടിയന്തര ചികിത്സകളുടെ ചെലവ് പൂര്‍ണമായും കവര്‍ ചെയ്യാവുന്നതാണ്.
ഔട്ട്പേഷ്യന്റ് ചികിത്സ ചെലവിന് 20 ശതമാനം മാത്രം അടച്ചാല്‍ മതി. മരുന്നിന് 30 ശതമാനം അടക്കണം. നിലവിലുള്ള ഇന്‍ഷുറന്‍സ് പോളിസിയുടെ കാലാവധി അവസാനിക്കാറായ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഫ്ലക്സിബിള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഹെൽത്ത് ഇന്‍ഷുറന്‍സ് കമ്പനികളെ സമീപിക്കാവുന്നതാണ്. സമൂഹത്തിലെ എല്ലാതരം ആളുകള്‍ക്കും ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പിലെ ഡോ. മറിയം അല്‍ മസ്റൂയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.