സഹയാത്രക്കാരെല്ലാം ചിന്നിച്ചിതറി, അപകടത്തിന്റെ നടുക്കം വിട്ടുമാറാതെ ജയമോൾ ..!!
text_fieldsദുബൈ: സഹയാത്രക്കാരെല്ലാം ഒറ്റ നിമിഷം കൊണ്ട് വിമാനത്തിനകത്ത് ചിന്നിച്ചിതറിക്കിടക്കുന്നതു കണ്ട ഞെട്ടലില്‍നിന്ന് ഇനിയും മുക്തയായിട്ടില്ല കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി ആനന്ദനാദ് ഹൗസിലെ ജയമോൾ. തലനാരിഴക്ക് മരണത്തിെൻറ കൈയില്‍നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടതില്‍ ദൈവത്തോട് ഉള്ളുരുകി നന്ദി പറയുകയാണിവർ. മുഖത്തും കാലിലും സാരമായി പരിക്കുപറ്റിയ ജയമോൾ കഴിഞ്ഞതൊന്നും ഓർത്തെടുക്കാൻ ആഗ്രഹിക്കുന്നില്ല.
എല്ലാം ഒരു ദുഃസ്വപ്നം പോലെ കണ്ട് പുളിക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. സാധാരണത്തേതിലും അതിവേഗത്തിലാണ് വിമാനം ലാൻഡിങ്ങിന് ശ്രമിച്ചതെന്ന് ജയമോൾ ടെലിഫോൺ സംഭാഷണത്തിൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഒരുപാടു നേരം മുകളിൽ വട്ടമിട്ടു. ശക്തമായ മഴ കാരണം ലാൻഡിങ് പ്രയാസമുണ്ടെന്ന് അനൗൺസ്മെൻറ് തന്നിരുന്നു. നിലത്തിറങ്ങുന്നതിന്ഏതാനും മിനിറ്റുകൾക്കു മുമ്പേ വിമാനം ശക്തമായി ആടിയുലയുന്നുണ്ടായിരുന്നു. പുറത്ത് നല്ല മഴ പെയ്യുന്നതായും കണ്ടു. കാറ്റിൽ ആടിയുലയുന്ന പോലെയാണ് അനുഭവപ്പെട്ടത്. അപ്പോൾതന്നെ യാത്രക്കാർ നിലവിളിക്കാൻ തുടങ്ങി. നിമിഷങ്ങൾക്കകം വലിയ ശബ്ദത്തോടെ വിമാനം നിലത്തുപതിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. താഴെ വീണ് വീണ്ടും രണ്ടു തവണ പൊങ്ങാൻ ശ്രമിച്ചു. ഭീകര ശബ്ദത്തോടെ മുൻഭാഗം വീണ്ടും നിലം പതിക്കുകയും ചെയ്തു -നടുക്കുന്ന കാഴ്ചകൾ ജയമോൾ ഓർത്തെടുത്തു.
പിറകിലെ സീറ്റിൽ ഇരുന്നിരുന്ന ജയമോൾ ഇടിയുടെ ആഘാതത്തിൽ മുഖം മുൻ സീറ്റിൽ ചെന്നിടിച്ചു. മൂക്കിൽനിന്ന് രക്തം വാർന്നു. സീറ്റ് ബെൽറ്റിൽ കുരുക്കിയതുകൊണ്ട് താഴേക്ക് തെറിച്ചില്ല . കൂടെ ഇരുന്ന സഹയാത്രിക താഴെ വീണു . ഈ സമയം കൂട്ടക്കരച്ചിലും പ്രാർഥനയുംകൊണ്ട് അലമുറയിടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ദയനീയമുഖമാണ് മനസ്സിലുള്ളത്. മുകളിലെ റാക്കിൽ നിന്ന് ലഗേജുകളെല്ലാം യാത്രക്കാരുടെ ദേഹത്തേക്കു വീണു. പലർക്കും ഇങ്ങനെയാണ് പരിക്കുപറ്റിയത്.
കുടുംബ യാത്രക്കാരാണ് കൂടുതലായും ഉണ്ടായിരുന്നത്. തൊട്ടടുത്ത സീറ്റിൽ അമ്മയുടെ മടിയിൽ ഇരുന്നിരുന്ന കൊച്ചുകുട്ടി അമ്മയുടെ കൈയിൽനിന്ന് പിടിവിട്ട് താഴേക്കു വീഴുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ആർക്കും ആരെയും സഹായിക്കാൻ പറ്റാത്ത അവസ്ഥ. സീറ്റുകളും വയറുകളും എല്ലാം തകർന്നു കിടപ്പുണ്ട്. സീറ്റിനടിയിലും കമ്പികൾക്കിടയിൽ കുരുങ്ങിയും ചോരയൊലിച്ചു കിടക്കുന്ന നിരവധി പേർ. യാത്രക്കാരിൽ ആരൊക്കെയോ എണീറ്റ് മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. റൺവേയിൽ നിന്ന് മാറി വിമാനം മരങ്ങൾക്കിടയിലാണ് ചെന്നു നിന്നത്. വിമാനത്തിെൻറ ഒരുഭാഗം പൊളിഞ്ഞതും കാണാമായിരുന്നു. പതിനഞ്ചു മിനിറ്റിലധികം സഹായിക്കാൻ ആരും എത്തിയില്ല . സഹായിക്കണേയെന്ന് എല്ലാവരും ഉറക്കെ പറയുന്നുണ്ടായിരുന്നു. എക്സിറ്റ് വാതിലിലൂടെ ചിലർ പുറത്തുകടക്കാൻ ശ്രമിച്ചു . ഇതിനിടയിൽ വിമാനത്തിനകത്തെ വെളിച്ചവും പോയി. മൊത്തം ഇരുട്ടായതോടെ കൂട്ടക്കരച്ചിലാണ് കേട്ടത്. ഇടക്ക് ഇന്ധനത്തിെൻറ മണവും വ്യാപിക്കാൻ തുടങ്ങി. സമീപത്തിരിക്കുന്ന സ്ത്രീക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. വിമാനത്തിന് തീ പിടിക്കാൻ സാധ്യതയുണ്ടെന്നും പറ്റുന്നപോലെ രക്ഷപ്പെടാൻ ശ്രമിക്കണമെന്നും ആരൊക്കെയോ വിളിച്ചു പറയുന്നുണ്ട് .
കുറെ കഴിഞ് ഫയർ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും ജയമോൾ പറഞ്ഞു. ഒരുപാട് കൈക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു യാത്രയിൽ. യാത്രക്കിടയിൽ ശ്രദ്ധിച്ച ഇവരുടെ മുഖങ്ങൾ മനസ്സിലുണ്ട്. ഇവർക്കെല്ലാം എന്തു സംഭവിച്ചെന്ന് അറിയാത്ത വേവലാതിയും ജയമോൾക്കുണ്ട്. കുടുംബ സുഹൃത്തിെൻറ സന്ദർശക വിസയിൽ ആറുമാസം മുമ്പാണ് ജയമോൾ ദുബൈയിൽ വന്നത്.
കുടുംബമെല്ലാം നാട്ടിലാണ്. ദുബൈ കാണാനും ഒപ്പം തൊഴിൽ അന്വേഷണത്തിനും വേണ്ടിയാണ് എത്തിയത്. അതിനിടക്ക് ലോക്ഡൗണിൽ കുടുങ്ങി യാത്ര നീണ്ടു. വീട്ടുകാരെ കാണാൻ വിഷമിച്ചിരുന്ന ജയമോൾക്ക് ബന്ധുക്കൾ വന്ദേഭാരത് വിമാനത്തിൽ ടിക്കറ്റെടുത്ത് നൽകി യാത്രയാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.