ദുരന്തത്തിേലക്ക് യാത്ര; ഞെട്ടിത്തരിച്ച് യു.എ.ഇ
text_fieldsദുബൈ: നാലുമണിക്കൂർ മുമ്പ് പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞ് വിമാനം കയറിയവർ നാടണയുന്നതിന് തൊട്ടുമുമ്പ് അപകടത്തിൽെപട്ടെന്ന വാർത്ത ഞെട്ടലോടെയാണ് യു.എ.ഇ കേട്ടത്. പ്രവാസിമുറികളും വീടുകളും സുഹൃത്തുക്കളും നെട്ടോട്ടത്തിലായി. വിമാനത്തിലുണ്ടായിരുന്നവരുടെ ഫോണുകൾ നഷ്ടമായതിനാൽ വിളിച്ചാൽ കിട്ടാത്ത അവസ്ഥ വന്നതോടെ ആശങ്കയേറി. ഫോണുകളിൽ പലതും സ്വിച്ച് ഓഫ് ആയിരുന്നു.
നാട്ടിലുള്ള സുഹൃത്തുക്കൾ വഴിയും മാധ്യമ സ്ഥാപനങ്ങൾ വഴിയും അന്വേഷിച്ചെങ്കിലും വിവരങ്ങൾ കിട്ടിയത് വൈകിയാണ്. പ്രിയപ്പെട്ടവർ ഫോണെടുത്ത് സംസാരിച്ചതോടെയാണ് പലർക്കും ജീവൻ നേരെ വീണത്. രാത്രി വൈകിയും വിവരം ലഭിക്കാത്തവരുമുണ്ടായിരുന്നു.
വിസ കാലാവധി കഴിഞ്ഞവർക്ക് യു.എ.ഇ നീട്ടിനൽകിയ കാലാവധി ആഗസ്റ്റ് പത്തിന് അവസാനിക്കുകയാണ്. അതിനാൽ, വിസ കഴിഞ്ഞവരായിരുന്നു വിമാനത്തിൽ ഏറെയും. ജോലി നഷ്ടപ്പെട്ടിട്ടും പുതിയ ജോലിക്കായി അവസാന നിമിഷം വരെ പ്രതീക്ഷയോടെ കഴിഞ്ഞവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വിസ കാലാവധി കഴിഞ്ഞ കുടുംബാംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. മൂന്നു ദിവസംകൂടി കഴിഞ്ഞാൽ വിസ പുതുക്കണമെന്ന ആശങ്കയോടെ കഴിഞ്ഞവരായിരുന്നു വിമാനത്തിൽ ഏറെയും. യാത്രക്കാരിൽ ഭൂരിപക്ഷവും എംബസിയിൽ നൽകിയ അപേക്ഷയിൽ 'ജോലി നഷ്ടം' എന്നാണ് കാരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഗർഭിണികളും വിമാനത്തിലുണ്ടായിരുന്നു.
ക്വാറൻറീൻ വാസത്തെ കുറിച്ച് തമാശ പറഞ്ഞും ജോലി നഷ്ടത്തെ കുറിച്ച് സങ്കടം പറഞ്ഞും യാത്രയായവർ അപകടത്തിൽപ്പെട്ട വാർത്തയറിഞ്ഞ നിമിഷം മുതൽ പ്രവാസിമുറികൾ നിശബ്ദമാണ്. ഉറ്റവർ വിട്ടുപിരിഞ്ഞ വാർത്ത അറിഞ്ഞതുമുതൽ പല മുറികളിൽനിന്നും പൊട്ടിക്കരച്ചിലാണ് ഉയരുന്നത്. ബന്ധുമിത്രാദികളെ സന്തോഷത്തോടെ യാത്രയാക്കിവർ, വിരഹ വാർത്തകളൊന്നും കാതിലെത്തല്ലേ എന്ന പ്രാർഥനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.