വിമാനം റദ്ദാക്കൽ തുടരുന്നു; യാത്രക്കാർ ശ്രദ്ധിക്കണം
text_fieldsദുബൈ: യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്ത യാത്രക്കാർ മൊബൈൽ ഫോൺ ഇടക്കിടെ പരിശോധിക്കുന്നത് നന്നാവും. ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ ഷെഡ്യൂളുകൾ മണിക്കൂറിെൻറ ഇടവേളയിലാണ് മാറിമറിഞ്ഞുകൊണ്ടിരിക്കുന്നത്. ചില വിമാനങ്ങൾ റദ്ദാക്കുേമ്പാൾ ചിലത് വൈകുന്നു. മറ്റു ചിലത് നേരത്തെയാക്കുന്നു. വഴിതിരിച്ച് വിടുന്നവയുമുണ്ട്. മൊബൈലിൽ മെസേജ് വരുേമ്പാൾ മാത്രമാണ് യാത്രക്കാർ വിവരം അറിയുന്നത്.
പ്രായമായവർ പലരും മെസേജുകൾ ശ്രദ്ധിക്കാത്തതിനാൽ വിമാനത്താവളത്തിൽ എത്തുേമ്പാഴാണ് വിവരം അറിയുക. അതിനാൽ, യാത്രക്കുമുമ്പ് എയർലൈനുകളുടെ ഓഫിസിലോ ടിക്കറ്റെടുത്ത ട്രാവൽ ഏജൻസികളിലോ വിളിച്ച് വിവരം തിരക്കിയിട്ട് വേണം വിമാനത്താവളത്തിലേക്ക് പോകാനും കോവിഡ് ടെസ്റ്റ് എടുക്കാനും. നേരത്തെ നിശ്ചയിച്ച 90 ശതമാനം വിമാനങ്ങളും ഷെഡ്യൂളിൽ മാറ്റംവരുത്തിയിട്ടുണ്ട്.എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ ഉൾപ്പെടെയുള്ള വിമാനങ്ങളുടെ ഷെഡ്യൂൾ മൊത്തത്തിൽ പൊളിച്ചെഴുതിയിട്ടുണ്ട്.
ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് യു.എ.ഇ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞതിനാലാണ് വിമാനങ്ങൾ റദ്ദാക്കുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. കേരളത്തിലെ വിമാനത്താവളങ്ങളെ തമ്മിൽ കോർത്തിണക്കിയുള്ള സർവിസുകളും നടത്തുന്നുണ്ട്. ഇന്ന് രാത്രി ഷാർജയിൽനിന്ന് നാട്ടിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിൽ ആളെ ഇറക്കിയ ശേഷമായിരിക്കും കണ്ണൂരിലേക്ക് പോവുക.
യാത്രക്കാർക്ക് ദുരിതം
കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ ഇന്ത്യയിലേക്കുള്ള യാത്രകളെല്ലാം അനിശ്ചിതാവസ്ഥയിലാണ്. എയർ ഇന്ത്യ എക്സ്പ്രസിെൻറ വെബ്സൈറ്റ് ദിവസങ്ങളായി സ്തംഭിച്ചിരിക്കുകയാണ്.
വിവരങ്ങൾ അറിയണമെങ്കിൽ ഒന്നുകിൽ എസ്.എം.എസ് വരണം, അല്ലെങ്കിൽ ഫോണിൽ വിളിക്കുകയോ നേരിട്ട് പോവുകയോ ചെയ്യണം. നേരിട്ടെത്തിയാലും ടോക്കണെടുത്ത് മണിക്കൂറുകളോളം കാത്തുനിൽക്കണം വിവരങ്ങൾ അറിയാൻ. വിമാനം റദ്ദാക്കിയെന്നും അടുത്തുള്ള ഓഫിസിലെത്തി ടിക്കറ്റ് പുതുക്കാനുമാണ് എയർലൈൻ ഓഫിസിൽനിന്ന് ലഭിക്കുന്ന നിർദേശം.
പ്രായമായവരാണ് ഏറെ കുടുങ്ങുന്നത്. വിമാനങ്ങൾ നിശ്ചയിച്ച സമയത്തിലും നേരത്തെ പുറപ്പെടുന്നതും യാത്രക്കാർക്ക് ദുരിതമുണ്ടാക്കുന്നു. നാട്ടിലേക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമായതിനാൽ നിശ്ചിത സമയത്ത് ടെസ്റ്റ് പൂർത്തിയാക്കി ഫലം ലഭ്യമാകണമെന്നില്ല. കുഞ്ഞുങ്ങൾക്കുപോലും നാട്ടിലേക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. വിമാനം നേരത്തെയാക്കിയ വിവരം വൈകി അറിയുന്നതിനാൽ കോവിഡ് ടെസ്റ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ പലരും പെടാപ്പാട് പെടുകയാണ്. വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതും ദുരിതമുണ്ടാക്കുന്നു. യാത്രക്കാരുടെ എണ്ണം തികക്കാൻ മറ്റ് വിമാനത്താവളങ്ങളെ കോർത്തിണക്കിയുള്ള സർവിസുകളാണ് ഇപ്പോൾ നടത്തുന്നത്. ഇതുമൂലം മണിക്കൂറുകൾ യാത്ര ചെയ്തുവേണം നാട്ടിലെത്താൻ.
മേയ് അഞ്ചുമുതൽ ടിക്കറ്റ്
മേയ് അഞ്ചുമുതൽ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. യു.എ.ഇ പ്രഖ്യാപിച്ച പത്ത് ദിവസത്തെ യാത്രാവിലക്ക് മേയ് നാലിന് അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്. എന്നാൽ, പത്ത് ദിവസത്തിനുശേഷം പുനഃപരിശോധിക്കുമെന്ന് മാത്രമാണ് യു.എ.ഇ അറിയിച്ചിരിക്കുന്നത്.
ഓൺലൈനിൽ കണ്ട് ടിക്കറ്റ് ബുക്ക് ചെയ്താൽ പണം നഷ്ടമാകാനുള്ള സാധ്യതയുമുണ്ട്.അല്ലെങ്കിൽ, പുതിയ ഷെഡ്യൂളിൽ യാത്ര ചെയ്യാൻ കാത്തിരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.