വിമാനം വൈകി; മലയാളി യാത്രക്കാർക്ക് 30 മണിക്കൂർ ദുരിതം
text_fieldsദുബൈ: ദുബൈയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം വൈകിയതിനെ തുടർന്ന് മലയാളി യാത്രക്കാർ ഒരു ദിവസം മുഴുവൻ ദുബൈ വിമാനത്താവളത്തിൽ കുടുങ്ങി.
ശനിയാഴ്ച പുലർച്ചെ 4.55ന് പുറപ്പെടേണ്ട എസ്.ജി 141 വിമാനമാണ് അനിശ്ചിതമായി വൈകിയത്. ഒടുവിൽ, ഞായറാഴ്ച രാവിലെ എട്ടു മണിക്ക് പുറപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച പുലർെച്ച രണ്ടുമണി മുതൽ കുഞ്ഞുങ്ങളുമായി വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ് യാത്രക്കാർ. 110 യാത്രക്കാരാണ് ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടത്.
ബോർഡിങ്ങും കഴിഞ്ഞ് വിമാനത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പാണ് വിമാനം അൽപം വൈകുമെന്ന് സ്ക്രീനിൽ തെളിയുന്നത്. എന്നാൽ, ഓരോ മണിക്കൂർ കഴിയുേമ്പാഴും സ്ക്രീനിൽ സമയം മാറിക്കൊണ്ടിരുന്നു. 10.30ന് സ്പേസ് ജെറ്റ് ഉദ്യോഗസ്ഥർ എത്തി തകരാർ കാരണം വൈകുമെന്ന് അറിയിച്ചു.
യാത്രക്കാർ ബഹളം വെച്ചതോടെ രണ്ട് മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു. എന്നാൽ, വിമാനം വീണ്ടും അനിശ്ചിതമായി വൈകുകയായിരുന്നു. ഒടുവിൽ, ഞായറാഴ്ചയേ വിമാനം പുറപ്പെടുകയുള്ളു എന്ന അറിയിപ്പ് വന്നു. റസിഡൻറ് വിസയുള്ളവർക്ക് സ്വന്തം റിസ്കിൽ പുറത്തുപോകാമെന്നും അല്ലാത്തവർ ഇവിടെ തങ്ങണമെന്നും അറിയിപ്പ് ലഭിച്ചു. മൂന്നുനേരം ലഘുഭക്ഷണം ലഭിച്ചത് മാത്രമാണ് ആശ്വാസം. കുഞ്ഞുങ്ങളുള്ള ചിലർക്ക് താമസസൗകര്യം ചെയ്തുകൊടുത്തു. ഇന്നലെ വിസിറ്റിങ് വിസ അവസാനിച്ചവരും ഇന്ന് വിവാഹത്തിൽ പങ്കെടുക്കേണ്ടവരുമുണ്ട്. പ്രായമായവരും കുട്ടികളും ദുരിതത്തിലായി. ഞായറാഴ്ച രാവിലെ 8.10ന് പോകുമെന്നാണ് ഒടുവിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിലും യാത്രക്കാർക്ക് കൃത്യമായ ഉറപ്പ് ലഭിച്ചിട്ടില്ല. സ്പൈസ് ജെറ്റ് അധികൃതർ കൃത്യമായ മറുപടി നൽകുന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.