കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് നാളെ അബൂദബി സർവീസ് തുടങ്ങും
text_fieldsദുബൈ: ദുബൈ, ഷാർജ എന്നിവക്ക് പുറമെ അബൂദബി വിമാനത്താവളത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് ശനിയാഴ്ച മുതൽ ഭാഗികമായി പുനരാരംഭിക്കും. യു.എ.ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക് പിൻവലിച്ചെങ്കിലും അബൂദബിയിലേക്ക് സർവീസ് തുടങ്ങിയിരുന്നില്ല.ആഗസ്റ്റ് പത്ത് മുതൽ തുടങ്ങുമെന്നായിരുന്നു എയർഇന്ത്യയും ഇത്തിഹാദും അറിയിച്ചിരുന്നത്. എന്നാൽ, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ന്യൂഡൽഹി എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് ശനിയാഴ്ചക്കും തിങ്കളാഴ്ചക്കുമിടയിൽ തുടങ്ങുമെന്ന് ഇത്തിഹാദ് വ്യക്തമാക്കി.
ആഗസ്റ്റ് പത്ത് മുതൽ മറ്റ് നഗരങ്ങളിൽ നിന്നും സർവീസ് പുനരാരംഭിക്കും. നിലവിൽ അഹ്മദാബാദ്, ഹൈദരാബാദ്, മുംബൈ, കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, ധാക്ക, കൊളംബോ എന്നീ വിമാനത്താവളങ്ങളാണ് ആഗസ്റ്റ് പത്ത് മുതലുള്ള സർവീസിൽ ഉൾപെടുത്തിയിരിക്കുന്നത്. ഇത്തിഹാദിെൻറ വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ദുബൈ, ഷാർജ വിമാനത്താവളങ്ങളിലേക്ക് കേരളത്തിൽ നിന്ന് വ്യാഴാഴ്ച മുതൽ സർവീസ് തുടങ്ങിയിരുന്നു. നിലവിൽ അബൂദബിയിലേക്കുള്ള യാത്രക്കാർ ഇൗ വിമാനത്താവളങ്ങൾ വഴിയാണ് യു.എ.ഇയിലേക്ക് എത്തുന്നത്. അബൂദബി കൂടി തുറക്കുന്നതോടെ പ്രവാസികൾക്ക് നേരിട്ട് അബൂദബിയിൽ ഇറങ്ങാൻ കഴിയും.
എന്നാൽ, അബൂദബി, റാസൽഖെമ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് പത്ത് ദിവസത്തെ ക്വാറൻറീൻ നിർബന്ധമാണ്. വിമാനത്താവളത്തിൽ നിന്ന് തന്നെ ഹാൻഡ് ബാൻഡ് ധരിക്കണം. നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ പരിശോധന നടത്തണം. എട്ടാം ദിവസത്തെ പരിശോധനയിൽ നെഗറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കിൽ പത്താം ദിവസം ഹാൻഡ് ബാൻഡ് അഴിക്കുകയും പുറത്തിറങ്ങുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.