യാത്രാദുരിതം; പരിഹാരം വലിയ വിമാന സർവിസ്
text_fieldsദുബൈ: എയർ ഇന്ത്യ നിർത്തിയതോടെ ഇരട്ടി ദുരിതത്തിലായ മലബാർ യാത്രക്കാരുടെ ദുരിതത്തിന് അറുതിവരുത്തണമെന്ന ആവശ്യവുമായി പ്രവാസി സംഘടനകൾ. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നൽകിയാൽ ഈ പ്രശ്നത്തിന് കുറച്ചെങ്കിലും പരിഹാരമുണ്ടാകുമെന്നാണ് വിലയിരുത്തൽ. യാത്രാനിരക്ക് വർധന, സീറ്റുകളുടെ എണ്ണം കുറവ്, സ്ട്രെച്ചർ സൗകര്യത്തിന്റെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായി വടക്കൻ മേഖലയിലെ പ്രവാസികൾ നിർദേശിക്കുന്നതും വലിയ വിമാന സർവിസുകളാണ്.
2015 മേയ് ഒന്നു മുതൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീകാർപെറ്റിങ് കാരണം വൈഡ് ബോഡി വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തൽഫലമായി, ദുബൈയിലേക്കുള്ള എമിറേറ്റ്സ്, സൗദിയ, എയർ ഇന്ത്യ 747 ഫ്ലൈറ്റ് സർവിസുകൾ താൽക്കാലികമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു മാറ്റിയിരുന്നു. 2018 ഡിസംബറിൽ സൗദിയ അടക്കം ചില സർവിസുകൾ പുനരാരംഭിച്ചെങ്കിലും 2020 ആഗസ്റ്റിൽ കോഴിക്കോട് വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള അനുമതി വീണ്ടും നിഷേധിക്കുകയായിരുന്നു.
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതിയുണ്ടായിരുന്നപ്പോൾ തിരക്കുള്ള സമയങ്ങളിൽ ഇടത്തരം വിമാനങ്ങൾക്കു പകരം കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന വലിയ വിമാനങ്ങൾ ഉപയോഗിച്ചും എയർ ഇന്ത്യ അടക്കം സർവിസ് നടത്താറുണ്ടായിരുന്നു. എയർ ഇന്ത്യ കോഴിക്കോട്ടേക്കുള്ള സർവിസുകൾ നിർത്തിയതോടെ ഈ സൗകര്യവും ഇല്ലാതായി.
എയർ ഇന്ത്യ ദുബൈയിൽനിന്നും ഷാർജയിൽനിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സർവിസുകൾ മാർച്ച് 25ഓടെ നിർത്തുകയും പകരം ഈ റൂട്ടുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഏറ്റെടുക്കുമെന്ന വ്യോമയാന മന്ത്രിയുടെ അറിയിപ്പ് പ്രാബല്യത്തിലാകാതിരിക്കുകയും ചെയ്തതോടെ ആ സർവിസുകളും നഷ്ടമായിരിക്കുകയാണ്. ഈ വേനൽക്കാല ഷെഡ്യൂളിൽ ഷാർജയിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസുകൾ മാത്രമാണ് അധികമായുള്ളത്. എയർ ഇന്ത്യ സ്വകാര്യ കമ്പനിയായി മാറിയതോടെ എയർ ഇന്ത്യയിൽ സമ്മർദം ചെലുത്തുക എന്നതാണ് സർക്കാറിനു മുന്നിലുള്ള കടമ്പ.
കോഴിക്കോട് വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് തടസ്സം നേരിട്ടതോടെയാണ് ദുബൈയിൽനിന്നുള്ള എമിറേറ്റ്സ് സർവിസ് നിർത്തിയത്. അബൂദബിയിൽനിന്ന് ഇത്തിഹാദും കോവിഡ് കാലത്ത് സർവിസ് നിർത്തിയതാണ്. ജെറ്റ് എയർവേസ് കമ്പനി പൂട്ടിപ്പോയതോടെ അബൂദബി-കോഴിക്കോട് റൂട്ടിലെ സർവിസും നിർത്തി. ഇൻഡിഗോയുടെ ഷാർജ, അബൂദബി സർവിസുകളും കോവിഡ് കാലത്ത് നിർത്തിയതാണ്. സർവിസുകൾ നിർത്തിപ്പോകുന്നുണ്ടെങ്കിലും പകരം സർവിസ് വരുന്നത് അപൂർവമാണ്. എയർ ഇന്ത്യയുടെ പിന്മാറ്റത്തോടെ കോഴിക്കോട് റൂട്ടിൽ ബജറ്റ് എയർലൈനുകൾ മാത്രമാകും.
ബിസിനസ് ക്ലാസും കൂടുതൽ കാർഗോ വഹിക്കാൻ ശേഷിയുമുള്ള കോഡ് സി വിഭാഗത്തിൽപെട്ട എയർഇന്ത്യയുടെ എ-321 വിമാനങ്ങളാണ് ഈ റൂട്ടിൽ നിർത്തലാക്കിയത്.ഉത്സവ സീസണിലും തിരക്കുള്ള സമയങ്ങളിലും ചാർട്ടേഡ് വിമാനങ്ങൾക്കായുള്ള കേരള സർക്കാറിന്റെ ശ്രമങ്ങൾ ഫലവത്തായാൽ പ്രവാസികൾക്ക് അത് ചെറിയ ആശ്വാസമാകും. എന്നാൽ, മലബാറിലെ വിമാനയാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകണമെങ്കിൽ കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാകണം. റൺവേ റീകാർപറ്റിങ് പ്രവൃത്തി പൂർത്തിയാക്കിയാൽ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോകം.
ശ്രീലങ്കൻ എയർലൈൻസിനായി അപേക്ഷ നൽകി എം.ഡി.എഫ്
ദുബൈ: എയർഇന്ത്യ അടക്കമുള്ള ഇന്ത്യൻ വിമാനക്കമ്പനികൾ അവഗണിക്കുന്നതിനാൽ കോഴിക്കോട്ടേക്ക് സർവിസ് നടത്താൻ ശ്രീലങ്കൻ എയർലൈൻസിന് കത്തെഴുതി മലബാർ ഡെവലപ്മെന്റ് ഫോറം (എം.ഡി.എഫ്). ശ്രീലങ്കൻ എയർലൈൻസ് സി.ഇ.ഒ റിച്ചാർഡ് നുട്ടാലിനാണ് ഭാരവാഹികൾ കത്തെഴുതിയത്. യു.എ.ഇ അടക്കം വിവിധ രാജ്യങ്ങളിൽനിന്ന് സർവിസ് നടത്തണമെന്നാണ് ആവശ്യം.
മൂന്നു പതിറ്റാണ്ടോളം ലാഭകരമായി നടത്തിയ എയർ ഇന്ത്യ സർവിസുകൾ നിർത്തിയത് ചെലവുചുരുക്കി ലാഭം കൊയ്യാൻ വേണ്ടി മാത്രമാണെന്നും നിർത്തിവെച്ച സർവിസുകൾ പുനരാരംഭിക്കണമെന്നും മലബാർ ഡെവലപ്മെന്റ് ഫോറം ചെയർമാൻ കെ.എം. ബഷീർ പറഞ്ഞു. മലബാറിന്റെ ടൂറിസം വികസനത്തിനും ചരക്കുകളുടെ കയറ്റുമതിക്കും കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങേണ്ടത് അനിവാര്യമാണ്. അതിന് കേരള സർക്കാറിന്റെ ഭാഗത്തുനിന്നും ജനപ്രതിനിധികളിൽനിന്നും ശക്തമായ സമ്മർദം ഉണ്ടാകണം.
മലബാർ ഡെവലപ്മെന്റ് ഫോറം അടക്കമുള്ള സംഘടനകൾ ദീർഘകാലമായി ഈ ആവശ്യവുമായി സമരരംഗത്തുമുണ്ട്. പ്രവാസി സംഘടനകളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.