വിമാന യാത്ര പകലാക്കാൻ ശ്രമിക്കുക
text_fieldsഷാർജ: യു.എ.ഇയിൽ രാത്രികാലങ്ങളിൽ പരക്കെ അനുഭവപ്പെടുന്ന മൂടൽ മഞ്ഞ് റോഡ്, വിമാന, ജല യാത്രക്കാർക്ക് വലിയ പ്രയാസങ്ങളാണ് തീർക്കുന്നത്. യു.എ.ഇയിലെ വിമാനതാവളങ്ങളിലും മറ്റും മൂടൽ മഞ്ഞ് ശക്തമാകുന്നത് രാത്രിയാണ്. അത് കൊണ്ട് തന്നെ നാട്ടിലേക്കും മറ്റുമുള്ള വിമാന യാത്ര പരമാവധി പകലാക്കുന്നതാണ് നല്ലത്. രാത്രി റോഡിലെ കാര്യവും മറിച്ചല്ല. ശനിയാഴ്ച നിരവധി വാഹനങ്ങളാണ് വഴിയോരങ്ങളിൽ നിറുത്തിയിട്ടിരുന്നത്. വലിയ വാഹനങ്ങൾക്ക് ചലിക്കാൻ പോലും ആവാത്ത അവസ്ഥയായിരുന്നു. രാത്രി യാത്ര ചെയ്യുന്നവർ നേരത്തെ തന്നെ എത്താൻ ശ്രമിക്കുന്നതും നല്ലത് തന്നെ.
എന്നാൽ എയർ ഇന്ത്യയുടെ 90 ശതമാനം സർവീസുകളും രാത്രിയിലാണ്. ലഭ്യമായ കണക്ക് പ്രകാരം ഞായറാഴ്ച ആറോളം എയർ ഇന്ത്യ വിമാനങ്ങളാണ് വിവിധ വിമാനതാവളങ്ങളിൽ കുടുങ്ങി കിടക്കുന്നത്. കോഴിക്കോട് നിന്ന് ശനിയാഴ്ച രാത്രി ദുബൈ അന്താരാഷ്ട്ര വിമാന താവളത്തിലേക്ക് വന്ന ഐ.എക്സ് 343ാം നമ്പർ വിമാനം ദുബൈയിൽ ഇറങ്ങാൻ സാധിക്കാത്തത് കാരണം ഒമാനിലെ മസ്ക്കത്തിലാണ് കുടുങ്ങിയത്. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് ഇത് ദുബൈയിൽ തിരിച്ചെത്തിയത്. കൊച്ചിയിൽ നിന്ന് പുറപ്പെട്ട ജറ്റ് വിമാനം ഷാർജയിൽ ഇറങ്ങാനാവാത്തതിനെ തുടർന്ന് മസ്ക്കത്തിലേക്കും പിന്നിട് കൊച്ചിയിലേക്കും തിരിച്ച് പറന്നിരുന്നു. എന്നാൽ പകലിറങ്ങേണ്ട എല്ലാ വിമാനങ്ങളും കൃത്യമായി എത്തിയതായിട്ടാണ് വിമാന താവള രേഖകളിൽ കാണാൻ കഴിയുന്നത്. മഴയുടെ പിറകെ പ്രത്യക്ഷപ്പെട്ട ശക്തമായ മഞ്ഞ് കാരണം തൊട്ടടുത്ത വാഹനങ്ങളെ പോലും കാണാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. ഇത് കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത രാത്രികാല വാഹന യാത്രകളും കുറക്കുന്നതാണ് നല്ലത്. അബൂദബി–ദുബൈ അതിർത്തിയിലെ ഗാൻദൂത് മേഖലയിലൂടെ രാത്രി പോകുമ്പോൾ കൂടുതൽ ശ്രദ്ധ നല്ലതാണ്.
മുൻ വർഷങ്ങളിൽ മൂടൽ മഞ്ഞ് വലിയ അപകടങ്ങൾ വരുത്തിയ പ്രദേശമാണിത്. ദുബൈ–അൽഐൻ റോഡും, ഷാർജ–മലീഹ റോഡിലും ശ്രദ്ധ കൂടുതൽ വേണം. ഫോഗ് ലൈറ്റുകൾ രാത്രിയിൽ പ്രവർത്തിപ്പിക്കാൻ മടികാണിക്കരുത്. പിറകിൽ നിന്ന് വരുന്ന വാഹനത്തിന് സൂചന നൽകാൻ മുന്നറിയിപ്പ് ലൈറ്റുകൾ പ്രകാശിപ്പിക്കണം. വാഹനങ്ങളെ മറി കടക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.